കോട്ടയം: യു.ഡി.എഫിൽ കേരള കോൺഗ്രസിന് പിന്നാലെ ഇടതുമുന്നണിയിലും കലാപം. നിയമസഭയിലേക്കുളള ഉപതിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ എൽ.ഡി.എഫിലെ ഘടക കക്ഷിയായ എൻ.സി.പി സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് എൽ.ഡി.എഫിനെ പ്രകോപിപ്പിച്ചത്. ഇന്നലെ കോട്ടയത്ത് ചേർന്ന എൽ.ഡി.എഫ് യോഗമാണ് എൻ.സി.പിക്കെതിരെ ആഞ്ഞടിച്ചത്.

എൻ.സി.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ഡ‌ോ.കെ.സി.ജോസഫ്, സി.പി.എം നേതാവ് വൈക്കം വിശ്വൻ, സി.പി.എം ജില്ലാ സെക്രട്ടറി വി.എം.വാസവൻ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് ജില്ലാ ഘടകമല്ല, പ്രാദേശിക നേതൃത്വവുമല്ല. ഇക്കാര്യം ജില്ലാ എൽ.ഡി.എഫ് സംസ്ഥാന തലത്തിലും ചർച്ച ചെയ്യേണ്ടതുണ്ട്. എൽ.ഡി.എഫ് യോഗത്തിൽ വിവിധ കക്ഷി നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞപ്രാവശ്യം പാലായിൽ കെ.എം മാണിയോട് മത്സരിച്ച് പരാജയപ്പെട്ട മാണി സി.കാപ്പൻ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് ഇടതുമുന്നണിയിൽ അപസ്വരത്തിന് കാരണമായത്. 28ന് എൽ.ഡി.എഫ് പാലാ മണ്ഡലം കമ്മിറ്റി വിളിച്ചുചേർക്കും.

എൻ.സി.പി ക്കുള്ളിലെ പടലപ്പിണക്കം മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കയാണ്. ജില്ലാ പ്രസിഡന്റിനെ മാറ്റി കാണക്കാരി അരവിന്ദാക്ഷനെ പ്രസിഡന്റാക്കിയതിൽ എൻ.സി.പിയിലെ ഭൂരിഭാഗം അണികൾക്കും എതിർപ്പാണുള്ളതെന്നറിയുന്നു. കൂടാതെ ആറു വർഷം പാർട്ടിയിൽ നിന്നും പുറത്താക്കിയ ഷാജി കുറുമുട്ടത്തെ ബ്ലോക്ക് പ്രസിഡന്റാക്കിയതിലും രോഷം ആളിക്കത്തി. ഉഴവൂർ വിജയൻ പ്രസിഡന്റായിരിക്കെയാണ് പ്രാഥമിക അംഗത്തിൽനിന്നും ഷാജിയെ പുറത്താക്കിയത്.

എൻ.സി.പിയിൽ അടുത്തയിടെ നാലു പേരെയാണ് പ്രസിഡന്റ് തോമസ് ചാണ്ടി പുറത്താക്കിയത്. സാബു ഏബ്രഹാം, ബാബു കപ്പക്കാല, അഡ്വ.ഫ്രാൻസിസ് ജേക്കബ്, ഓണം പള്ളി രാധാകൃഷ്ണൻ എന്നിവരെയാണ് പുറത്താക്കിയത്. അതേസമയം കോട്ടയത്ത് ചേർന്ന യോഗത്തിൽ പ്രശ്നമുണ്ടാക്കിയ സാജു എം.ഫിലിപ്പ്, കൃഷ്ണൻനായർ എന്നിവർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചില്ലായെന്നു മാത്രമല്ല സംരക്ഷിക്കുകയാണ് ചെയ്തുവെന്നാണ് ആക്ഷേപവും ശക്തമാണ്.