ഉദയംപേരൂർ: പിണങ്ങി പിരിഞ്ഞ് കഴിയുന്ന ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയിൽ മലയിൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അഖിലാണ് (24) അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽപ്പോയ പ്രതി ഇന്നലെ രാത്രിയോടെ തൃപ്പൂണിത്തുറ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പിന്നീട് ഉദയംപേരൂർ പൊലീസിന് അഖിലിനെ കൈമാറി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഉദയംപേരൂർ എസ്.ഐ കെ.കെ.ഷിബിൻ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.

കഞ്ചാവ് കേസടക്കം നിരവധി കേസുകളിൽ പ്രതിയാണ് അഖിൽ. ഉദയംപേരൂർ മാങ്കായിക്കടവിന് സമീപം ചാത്തമ്മേൽ ഷാജിയുടെയും സിന്ധുവിന്റെയും മകൾ ശ്രീലക്ഷ്മിക്കാണ് (22) കുത്തേറ്റത്. തലയ്ക്കു പിന്നിലും പുറത്തും നെഞ്ചിലുമാണ് കുത്തേറ്റത്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഒരു മണിയോടെ ഉദയംപേരൂർ കടവിൽ തൃക്കോവിൽ ക്ഷേത്രത്തിന് സമീപം മാങ്കായിക്കടവ് ഒട്ടുവള്ളിൽ റോഡിൽ വച്ചാണ് സംഭവം. അഖിലുമായി പിണങ്ങിയതിനെ തുടർന്ന് ഹോസ്റ്റലിൽ താമസിക്കുന്ന ശ്രീലക്ഷ്മി സ്വന്തം വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ഓടിക്കൂടിയ നാട്ടുകാർ വിവരം ഉദയംപേരൂർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഭവസ്ഥലത്തെത്തി യുവതിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മജിസ്ട്രറ്റ് ആശുപത്രിയിൽ എത്തി ശ്രീലക്ഷ്മിയിൽ നിന്ന് മൊഴി എടുത്തിട്ടുണ്ട്.
നീണ്ട കാലത്തെ പ്രണയത്തിന് ശേഷം ഒരു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാൽ, മയക്കുമരുന്നിന് അടിമയായിരുന്ന അഖിലുമായി പിന്നീട് ശ്രീലക്ഷ്മി പിണങ്ങുകയും ഹോസ്റ്റലിലേക്ക് താമസം മാറുകയുമായിരുന്നു. അതിനിടയിൽ മറ്റൊരു ക്രിമിനൽ കേസിൽ അഖിൽ അകത്തായി. ശിക്ഷ കഴിഞ്ഞു മടങ്ങിയെത്തിയ അഖിൽ കഴിഞ്ഞ ആഴ്ച ശ്രീലക്ഷ്മിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇന്നലെ ശ്രീലക്ഷ്മി സ്വന്തം വീട്ടിലേക്കു പോകുന്നതിനിടയിൽ കടവിൽ തൃക്കോവിൽ തേരേയ്ക്കൽ ഒട്ടോളി റോഡിൽ വച്ച് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, ആളൊഴിഞ്ഞ ഈ റോഡിൽ വച്ച് അഖിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ശ്രീലക്ഷ്മിയെ കുത്തുകയുമായിരുന്നു. ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കുത്താനുപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.