ചങ്ങനാശേരി: വഴിയാത്രക്കാരെ കുഴിയിൽ ചാടിച്ച് മൊബൈൽ കമ്പനിയുടെ കേബിൾ കുഴികൾ. സ്വകാര്യ മൊബൈൽ കമ്പനി കേബിളുകൾ സ്ഥാപിക്കുന്നതിനായി ചങ്ങനാശേരി മുതൽ പത്തനാടുവരെയുള്ള ഭാഗങ്ങളിൽ റോഡിലെ ടാറിങ്ങിനോടു ചേർന്നാണ് കുഴിയെടുത്തത്. കേബിൾ സ്ഥാപിച്ചിട്ടും കുഴികളിൽ പലതും മൂടിയില്ല. എന്നുമാത്രമല്ല, മഴയിൽ മണ്ണൊലിച്ചുപോയതോടെ മൂടിയ കുഴികൾ പലതും തുറക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ തെന്നിവീഴുന്നത് പതിവായി. ഇരുചക്രവാഹനങ്ങൾ കുഴിയിൽപ്പെടുന്നതും ഇവിടെ പതിവാണ്. കാലവർഷമെത്തിയതോടെ കേബിൾ കുഴികളിൽ വെള്ളം നിറയുകയും റോഡ് ചെളിക്കുളമാകുകയും ചെയ്തു. ബസ് സ്റ്റോപ്പുകൾ, കവലകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കു മുമ്പിൽ കുഴികൾ കുത്തിയ ശേഷം സ്ഥലംവിട്ട തൊഴിലാളികൾ പിന്നെ അതുവഴിക്ക് വന്നിട്ടില്ല. കറുകച്ചാൽ പഞ്ചായത്തു ജംഗ്ഷൻ മുതലുള്ള ഭാഗത്ത് ഇന്റർലോക്ക് പാകിയ നടപ്പാതയും ടാർ ചെയ്ത ഭാഗവുമെല്ലാം കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്.
മണിമല റോഡിൽ നെടുംകുന്നം കുന്നുംപുറത്തിനും കോവേലിക്കും ഇടയിൽ കേബിളിടാൻ കുഴിച്ച കുഴികൾ ഇനിയും മൂടിയിട്ടില്ല. ഇതുപോലെ പലഭാഗത്തും കുഴികൾ തുറന്ന്കിടപ്പാണ്. ബസിൽ നിന്നിറങ്ങുന്ന യാത്രക്കാർ കാലെടുത്തുവയ്ക്കുന്നത് പലപ്പോഴും കുഴികളിലാണ്. അതേസമയം, നിർമ്മാണ ജോലികൾക്കായി മൊബൈൽ കമ്പനി 34 ലക്ഷം രൂപ പൊതുമരാമത്തു വകുപ്പിന് മുൻകൂറായി അടച്ചിട്ടുണ്ടെന്നും നിർമ്മാണം പൂർത്തിയാകുന്നതോടെ പൊതുമരാമത്തു വകുപ്പുതന്നെ ഇവ പുനർനിർമ്മിക്കുമെന്നും അധികൃതർ പറഞ്ഞു. മഴയെ തുടർന്നാണ് മൊബൈൽ കമ്പനി നിർമ്മാണ ജോലികൾ നിർത്തിവച്ചത്. ആഗസ്റ്റ് 15ന് ശേഷമേ ഇനി നിർമ്മാണം പുനരാരംഭിക്കുകയുള്ളു. അപകടാവസ്ഥയിലുള്ള കുഴികൾ ഉടൻ തന്നെ മണ്ണിട്ട് മൂടാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും പറയുന്നു.