ഏറ്റുമാനൂർ: നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായ പുന്നത്തുറ കമ്പനിക്കടവ് പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലപ്പഴക്കവും ബലക്ഷയവും കാരണം അപകടാവസ്ഥയിലായ പാലം പുനർനിർമ്മിക്കാൻ അനുമതി ലഭിച്ചിട്ടും നിർമ്മാണം ആരംഭിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഏറ്റുമാനൂർ, അയർക്കുന്നം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കമ്പനിക്കടവ് പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. ദിവസേന നൂറ് കണക്കിന് യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന പാലം ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. മൂന്നു പതിറ്റാണ്ട് മുന്പ് നിർമിച്ച പാലത്തിന് മൂന്നുമീറ്റർ വീതി മാത്രമാണുള്ളത്. പാലത്തിന്റെ ഒരു ഭാഗം ഏറ്റുമാനൂർ നഗരസഭയിലും മറുഭാഗം അയർക്കുന്നം പഞ്ചായത്തിലുമാണ്.മണലൂറ്റ് വ്യാപകമായ സ്ഥലമായതിനാൽ പാലത്തിന്റെ തൂണുകൾക്കും ബലക്ഷയമുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പാലത്തിന്റെ ബലക്ഷയം ശരിവച്ച അധികൃതർ ഇതുവഴി ഭാരവണ്ടികൾ നിരോധിച്ചെങ്കിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. സ്‌കൂൾ ബസുകളടക്കം ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. കൈവരികളും തകർന്ന നിലയിലാണ്. പാലത്തിലൂടെ വാഹനങ്ങൾ വരുമ്പോൾ ഒന്ന് ഒതുങ്ങി നിൽക്കാൻ പോലും കാൽനടയാത്രക്കാർക്ക് കഴിയാത്ത അവസ്ഥയാണ്. 10 വർഷം മുന്പ് പാലം പൊളിച്ചുപണിയാനായി 10 കോടി രൂപ വകയിരുത്താൻ തീരുമാനിച്ചെങ്കിലും എല്ലാം ചുവപ്പുനാടയിൽ കുടുങ്ങുകയായിരുന്നു.
പിന്നീട് രണ്ടു മീറ്റർ ഉയർത്തി പുതിയ പാലത്തിന് രൂപരേഖ തയാറാക്കി 8.5 കോടി മതിപ്പു തുകയിൽ ടെൻഡർ ചെയ്തു നടപടി തുടങ്ങിയെങ്കിലും സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി നിർമ്മാണം മുടങ്ങി. ഒടുവിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സുരേഷ് കുറുപ്പ് എം.എൽ.എ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ഇടപെട്ട് പാലം നിർമാണം പുനരാരംഭിക്കൽ നടപടി സ്വീകരിച്ചെങ്കിലും അതും നടന്നില്ല. പുതിയ പാലത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുകയും അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പിനുള്ള നടപടികളും തുടങ്ങിയതുമാണ്. എന്നാൽ പ്രളയവും കാലാവസ്ഥാ വ്യതിയാനവും കാരണം വീണ്ടും തടസപ്പെടുകയായിരുന്നു. ഇപ്പോൾ ആ സാഹചര്യങ്ങളെല്ലാം മാറിയെന്നും ഇനിയെങ്കിലും പാലത്തിന്റെ നിർമ്മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.തങ്ങളെ ഇനിയും കബളിപ്പിച്ചാൽ ശക്തമായ സമര പരിപാടിയുമായി രംഗത്തുവരാനാണ് നാട്ടുകാരുടെ തീരുമാനം. പാലത്തിന്റെ നിർമാണം പൂർത്തിയായാൽ പാലാ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് ഏറ്റുമാനൂർ ടൗണിലെത്താതെ മെഡിക്കൽ കോളേജ്, കോട്ടയം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയും.