പൊൻകുന്നം : ഇന്റർനെറ്റ് തകരാറിലായതോടെ കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി ഓഫീസ് പ്രവർത്തനം സ്തംഭിച്ചു. വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ മണിക്കൂറുകളോളം കാത്തുനിന്ന് വെറുംകൈയോടെ മടങ്ങി. വാഹന രജിസ്‌ട്രേഷൻ, ലൈസൻസ്, ലേണേഴ്‌സ് അപേക്ഷ തുടങ്ങിയവ മുടങ്ങി. കേബിൾ സംവിധാനം തകരാറിലായതിനെ തുടർന്ന് രണ്ടാഴ്ച മുമ്പും ഓഫീസ് പ്രവർത്തനം നിലച്ചിരുന്നു. താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള സെർവറിൽ നിന്നാണ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നത്. ഇവിടേക്കുള്ള വൈദ്യുതി വിതരണ കേബിൾ കാറ്റിൽ തകർന്നതോടെയാണ് പ്രവർത്തനം തടസപ്പെട്ടത്. എന്നാൽ വീണ്ടും നെറ്റ് തകരാറിലയാതിന്റെ കാരണം ഉദ്യോഗസ്ഥർക്കും അറിയില്ല. രാവിലെ എത്തുന്നവരോട് ഉടൻ ശരിയാകും എന്ന മറുപടിയാണ് നൽകുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്നവർ ഇതു വിശ്വസിച്ച് മണിക്കൂറുകളോളം കാത്തുനിൽക്കുകയാണ്. ബ്ലോക്ക് ഓഫീസിലെ വൈദ്യുതി തകരാർമൂലം യു.പി.എസ് ചാർജ് ചെയ്യാനാകാത്തതാണ് ഇന്റർനെറ്റ് മുടങ്ങാൻ കാരണമെന്നാണ് ബ്ലോക്ക് ഓഫീസിൽ നിന്നുള്ള വിശദീകരണം.