ചങ്ങനാശേരി : എല്ലാ സർക്കാർ ഓഫീസുകളും ഒരുകുടക്കീഴിൽ എന്ന ആശയത്തിൽ തുടങ്ങിയ റവന്യൂടവർ ചെളിക്കുണ്ടായിട്ടും നടപടിയില്ല. വെള്ളം കെട്ടിക്കിടന്ന് കുഴികൾ രൂപപ്പെട്ടതിനാൽ ഇതുവഴിയുള്ള കാൽനടയാത്ര സാഹസം നിറഞ്ഞതായി. വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. പ്രായമായവരും കുട്ടികളും അടക്കം മലിനജലം ചവിട്ടിയാണ് പോകുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാനായി നിർമ്മിച്ചിരിക്കുന്ന , ഷെഡിലും വെള്ളം നിറഞ്ഞു കിടക്കുകയാണ്. മുനിസിപ്പൽ സ്റ്റേഡിയത്തിനോട് ചേർന്നു കിടക്കുന്ന ടവറിന്റെ പുറകുവശത്തെ റോഡ് ചെളിയിൽ പുതഞ്ഞിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും തെന്നിവീഴുന്നത് നിത്യസംഭവമാണ്. ടവറിനു ചുറ്റിലുമുള്ള റോഡ് വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്തതാണ്. പിന്നീട് അറ്റകുറ്റപ്പണികളോ റീടാറിംഗോ നടന്നിട്ടില്ല.
റവന്യൂടവറിൽ പ്രവർത്തിക്കുന്നത്
താലൂക്ക് ഓഫീസ്
സബ് രജിസ്ട്രാർ ഓഫീസ്
താലൂക്ക് വ്യവസായ ഓഫീസ്
വില്ലേജ് ഓഫീസ്
താലൂക്ക് സപ്ലൈ ഓഫീസ്
ആർ.ടി ഓഫീസ്
ട്രഷററി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
രാത്രി ആയാൽ ഇരുട്ട്
നേരം ഇരുട്ടിയാൽ ടവറും പരിസരവും ഇരുട്ടിലാകും. സെക്യൂരിറ്റി ജീവനക്കാരൻ ടോർച്ച് വെളിച്ചത്തിലാണ് ഇരിക്കുന്നത്. പരിസരം കാട് കയറി മൂടിയതിനാൽ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. വിഷപ്പാമ്പുകളെടയടക്കം ജീവനക്കാർ പിടികൂടിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമാണ്. ടവർ പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തോട് അധകൃതർ മുഖംതിരിഞ്ഞ് നിൽക്കുകയാണ്.