രാമപുരം : രാമപുരം-നീറന്താനം-പൂവക്കുളം റോഡിലെ മൺകൂന വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. നാലമ്പല ദർശനത്തിനെത്തുന്നവർ ഇതുവഴിയാണ് തിരികെ ശ്രീരാമസ്വാമിക്ഷേത്രത്തിലേയ്ക്ക് മടങ്ങുന്നത്. നാലമ്പലദർശനത്തിന് ഏതാനും നാൾ ശേഷിക്കെ റോഡിലെ അപകടഭീതി ഒഴിവാക്കണമെന്നാണ് ആവശ്യം.

ദർശനത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. മൂന്ന് വർഷം മുൻപാണ് സർക്കാർ ഏജൻസിയായ കൺസ്ട്രക്ഷൻ കോർപ്പറേഷൻ റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ വീതികൂട്ടി ടാർ ചെയ്തത്. രാമപുരത്തു നിന്ന് രണ്ട് കിലോ മീറ്റർ മാറിയാണ് ഈ രീതിയിൽ മണ്ണൊലിച്ച് ടാറിംഗ്‌ റോഡിൽ കുമിഞ്ഞുകൂടി ഗതാഗത തടസം സൃഷ്ടിക്കുന്നത്. അടുത്തുള്ള സ്വകാര്യറോഡ് നിരപ്പാക്കാൻ എത്തിച്ച മണ്ണാണ് മഴയത്ത് റോഡിലേക്ക് ഒഴുകിയെത്തിയത്. ചെളിക്കുഴിയായ റോഡിലൂടെ കാൽനടയാത്രയും അസാദ്ധ്യമാണ്. വാഹനങ്ങൾ ചെളിയിൽ പുതഞ്ഞ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ഈ ഭാഗത്തിന് 50 മീറ്റർ പുറകിൽ സമാനമായ രീതിയിൽ സ്വകാര്യറോഡിൽ നിന്നും മണ്ണൊഴുകി എത്തുന്നുണ്ട്.

''

പരിഹാരം കാണണം : എൻ.സി.പി
രാമപുരം: നാലമ്പല റോഡിലെ മൺകൂന എത്രയും വേഗം നീക്കംചെയ്ത് ഭാവിയിൽ മണ്ണൊഴുകി അപകടം ഉണ്ടാകാത്തവിധം നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.ആർ.രാജു അദ്ധ്യക്ഷത വഹിച്ചു. എം.പി.കൃഷ്ണൻ നായർ,ജോഷി ഏറത്ത്, ജീനസ് നാഥ്, പി.കെ.വിജയകുമാർ, പാപ്പച്ചൻ കൂടപ്പുലം, സന്തോഷ് വണ്ടന്നൂർ,സോണി കിഴക്കേക്കുന്നേൽ, കെ.കെ.ബിജു, സലിരാജൻ ചക്കാമ്പുഴ, ഹരി കൂടപ്പുലം, മനോഹരൻ മുതുവല്ലൂർ, എം.ബി.രാജേഷ്, വിനോദ്‌ജോസഫ്, രാജീവ് എല്ലമ്പുഴ തുടങ്ങിയവർ സംസാരിച്ചു.

ടാർ ചെയ്തത് : 3 വർഷം മുൻപ്

നാലമ്പല ദർശനം പടിവാതിൽക്കൽ

വാഹനങ്ങൾ ചെളിയിൽ പുതയുന്നു