കോട്ടയം : മലയോരമേഖലയെ വികസനത്തിന്റെ തേരിലേറ്റുന്ന ഈരാറ്റുപേട്ട ബൈപ്പാസിന്റെ ആദ്യറീച്ചിന് പച്ചക്കൊടി. നിലവിലുള്ള അലൈൻമെന്റ് ബൈപ്പാസിന് അനുയോജ്യമാണെന്ന സാമൂഹികാഘാത പഠന റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചു. കോതമംഗലം യൂത്ത് സോഷ്യൽ സർവീസ് ഓർഗനൈസേഷനാണ് പഠനം നടത്തിയത്. വീട്, സ്ഥലം, കൃഷി ഭൂമി എന്നിവയ്ക്ക് കൃത്യമായ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കണമെന്നാണ് ശുപാർശ.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഈരാറ്റുപേട്ട-പൂഞ്ഞാർ സംസ്ഥാന പാതയിൽ എം.ഇ.എസ് ജംഗ്ഷനിൽ പുത്തൻപള്ളി ഭാഗത്ത് നിന്ന് തുടങ്ങി വെയിലുകാണാപാറയിലാണ് ബൈപ്പാസ് അവസാനിക്കുക. രണ്ട് ഘട്ടങ്ങളിലായാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. വെയിലുകാണാപാറ മുതൽ ചേന്നാട് റോഡ് വരെയുള്ള ആദ്യഘട്ട പഠനമാണ് പൂർത്തിയായത്. ചേന്നാട് റോഡ് മുതൽ എം.ഇ.എസ് ജംഗ്ഷൻ വരെയുള്ള രണ്ടാംഘട്ട പഠനവും തുടങ്ങിയിട്ടുണ്ട്. റിപ്പോർട്ട് ഇനി ജില്ലാ എക്‌സ്‌പേർട്ട് കമ്മിറ്റി പരിഗണിക്കും.
1.8 കി.മീ, ലാഭം 2.5 കി.മി
1.8 കിലോമീറ്റർ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് മാത്രമല്ല, 2.5 കിലോമീറ്റർ യാത്രയും ലാഭിക്കാം. തൊടുപുഴയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ളവർക്ക് ഇരാറ്റുപേട്ട ടൗണിൽ കയറാതെ പോകാം. ആദ്യ റീച്ചിൽ 3.11 ഏക്കർ ഭൂമി ഏറ്റെടുക്കണം. ഇതിൽ കൂടുതലും കൃഷി ഭൂമിയും കെട്ടിടങ്ങളുമാണ്. 7 സർവേ നമ്പരുകൾ പുറമ്പോക്കാണ്. ട്രസ്റ്റിന്റെ കീഴിലുള്ള ഭൂമിയും കെട്ടിടങ്ങളുള്ള രണ്ട് സർവേ നമ്പരുകളുള്ള ഭൂമിയുമുണ്ട്.
റിപ്പോർട്ട് പറയുന്നത്
പ്രയോജനം കോട്ടയം, ഇടുക്കി ജില്ലക്കാർക്ക്
നെടുമ്പാശേരിക്കുള്ള പ്രവാസികൾക്കും ഗുണം
ന്യായമായ നഷ്ടപരിഹാരം നൽകണം
" ഈരാറ്റുപേട്ട ബൈപ്പാസ് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. സ്ഥലമേറ്റെടുത്ത് എത്രയും വേഗം നിർമാണം തുടങ്ങുകയാണ് വേണ്ടത്"-
അനസ്, ടാക്സി ഡ്രൈവർ