കോട്ടയം: മഴത്താളം ശ്രുതി മീട്ടിയ സന്ധ്യയിൽ അത്യപൂർവ സംഗീതാനുഭവമായി സി.എം.എസ് കോളേജിൽ സിംഫണി ഫ്യൂഷൻ .

ലോക സംഗീതദിനത്തോടനുബന്ധിച്ച് നാദലയ ഈസ്‌റ്റേൺ മ്യൂസിക് ക്ലബ്ബിന്റെ സഹകരണത്തോടെ ആത്മയാണ് സംഗീത വിരുന്നൊരുക്കിയത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ ബിജിപാൽ മുഖ്യാതിഥിയായിരുന്നു. ഫ്യൂഷനിൽ പാശ്ചാത്യ പൗരസ്ത്യ ശാസ്ത്രീയ സംഗീത വഴികളുടെ രാഗമഴച്ചാർത്ത് തനത് സഞ്ചാരങ്ങളിലൂടെ സമന്വയിപ്പിച്ച് ഫാ. എം പി ജോർജ് സംഗീത വൈഭവത്തിന് മികവേകി. ബിലഹരി രാഗത്തിൽ പട്ടണം സുബ്രഹ്മണ്യ അയ്യരുടെ രാഗവേണു ഗോപബാല എന്നു തുടങ്ങുന്ന കൃതിയാണ് നാദതാള ലയത്തിനായി തിരഞ്ഞെടുത്തത്. പാശ്ചാത്യ സംഗീത വിഭാഗത്തിൽ മൊസാർട്ട് ചിട്ടപ്പെടുത്തിയ ഐൻ ക്ലെയ്ൻ നാഷ്, കാൾ ജെങ്കിൻസന്റെ പല്ലാഡിയോ, ക്ലോസ് ബഡ്‌ലറ്റിന്റെ പൈറേറ്റ്‌സ് ഒഫ് കരീബിയൻസ് എന്നിവയാണ് അവതരിപ്പിച്ചത്. കർണ്ണാടക സംഗീത വിഭാഗത്തിൽ യേശുനാഥ എന്ന വർണ്ണവും ഹംസധ്വനി രാഗത്തിൽ പരമദയാലു എന്ന കീർത്തനവും ആയിരുന്നു മുഖ്യ ഇനങ്ങൾ. വോക്കലിൽ കിടങ്ങറ അജിതും ജോജോയും ഫാ. എം പി ജോർജ്ജിന് പിന്തുണയേകി.

സുബിൻ കുമാർ എ എസ്, മാത്യൂസ് പി ജോൺ, ബിബിൻ പീറ്റർ (ഫസ്റ്റ് വയലിൻ), ശശി കുമാർ എ, ചാക്കോച്ചൻ, ജോൺ മാത്യു, ജെയ്‌സൺ സി ജോൺ (സെക്കന്റ് വയലിൻ), ഷൈജോ മാത്യു, ജോസഫ് പി ജോൺ (വയോള), ബ്ലെസൻ സി ജോൺ, ആൽബിൻ (സെല്ലോ), കുമ്മനം ഉപേന്ദ്രനാഥ് (കർണ്ണാട്ടിക് വയലിൻ), അയ്മനം സജീവ് (മൃദംഗം) അയ്മനം രാധാകൃഷ്ണൻ (തബല), കുമരകം ഗണേഷ് (ഘടം), കുടമാളൂർ സുകുമാരൻ (മുഖർശംഖ്) എന്നിവർ അകമ്പടിയേകി.

പത്മശ്രീ പുരസ്‌കാര ജേതാവ് കെ ജി ജയൻ, ആത്മ അവാർഡ് ജേതാക്കളായ വിഷ്ണു ഗോവിന്ദൻ, ജി സന്തോഷ് കുമാർ, പ്രസന്നൻ ആനിക്കാട് എന്നിവരെ ആദരിച്ചു മുനിസിപ്പൽ ചെയർപേഴ്‌സൻ ഡോ. പി ആർ സോന, സി എൻ സത്യനേശൻ, ഫാ. ജേക്കബ് ജോർജ്ജ്, ഡോ. മിനി ചാക്കോ, ജോഷി മാത്യു, കോട്ടയം വീരമണി ആത്മ സെക്രട്ടറി ബിനോയ് വേളൂർ, കൺവീനർ താൻസൻ കെ.വി എന്നിവർ സംസാരിച്ചു. കോട്ടയം സി.എം.എസ് കോളേജിലെ മ്യൂസിക് ക്ലബ്ബ് കെ.ജി ജയന്റെ നാല് ഗാനങ്ങൾ രാഗമാലികയായി അവതരിപ്പിച്ചു