പാലാ : പാലായുടെ സാംസ്കാരിക മുഖശ്രീയായി മാറിയ നഗരസഭയുടെ കീഴിലുള്ള മാത്യു എം കുഴിവേലിൽ സ്മാരക മുനിസിപ്പൽ ലൈബ്രറി ഡിജിറ്റലാകുന്നു. ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും ഈ വർഷം ഡാറ്റാ എൻട്രി നടത്തി ബാർകോഡ് ചെയ്യും. ഇതിനാവശ്യമായ 5 ലക്ഷം രൂപ നഗരസഭ നീക്കിവച്ചു. മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന ലൈബ്രറിയുടെ ഏറ്റവും മുകളിലത്തെ നിലയിൽ വിശാലമായ റീഡിംഗ് റൂമും , താഴത്തെ നിലയിൽ 2500 പുസ്തകങ്ങളുള്ള റഫറൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 3500 ൽപ്പരം ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചതാണ് കുട്ടികളുടെ വിഭാഗം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഉൾപ്പെടെ ഏകദേശം 34000 പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. വായനാവാരത്തോടനുബന്ധിച്ച് ലൈബ്രറിയിലെ പഴക്കം ചെന്ന പുസ്തകങ്ങൾ നവീകരിച്ച് വായനക്കാർക്കായി ഒരുക്കിയിട്ടുണ്ട്. 1954 മുതൽ ലൈബ്രറിയിൽ വരുത്തിയിട്ടുള്ളതും മറ്റൊരിടത്തും ലഭ്യമല്ലാത്തതുമായ വിവിധ മാഗസിനുകളുടെ വാർഷികപ്പതിപ്പുകൾ ബൈന്റ് ചെയ്ത് വായനക്കാർക്കായി റഫറൻസ് ഹാളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ലൈബ്രറി പ്രവർത്തനമാരംഭിച്ചത് : 1941
1954 ജൂലായ് 4 : നഗരസഭ ഏറ്റെടുത്തു
1956 : ഗ്രന്ഥശാല സംഘത്തിന്റെ അഫിലിയേഷൻ
1959 ജനുവരി 8 : നിലവിലെ മന്ദിരത്തിൽ പ്രവർത്തനം
1992: കുട്ടികളുടെ വിഭാഗം പ്രവർത്തനമാരംഭിച്ചു
''
ലൈബ്രറി നവീകരണം ഈ വർഷം തന്നെ പൂർത്തിയാക്കും"
ബിജി ജോജോ കുടക്കച്ചിറ, നഗരസഭ ചെയർപേഴ്‌സൺ