പീരുമേട്: സബ് ജയിലിലെ റിമാൻഡ് പ്രതിയെ ആശുപത്രിയിലേക്ക് ചികിത്സക്ക് കൊണ്ട് പോകും വഴി മരിച്ചു. വാഗമൺ കോലാഹലമേട് കസ്തുരീഭവനിൽ രാജ്കുമാറാ (54 )ണ് മരിച്ചത്.കഴിഞ്ഞ 17 നാണ് പീരുമേട് സബ്ജയിലിൽ തടവുകാരനായി എത്തിയത്.ശാരീരിക അവശത മൂലം രണ്ട് ദിവസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിൽ എത്തിച്ച് ചികിത്സ നടത്തി വരികയായിരുന്നു.വെള്ളിയാഴ്ച്ച രാവിലെ പത്തിന് അസുഖം മൂർഛിച്ചതോടെ ജയിൽ ജീവനക്കാർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് പീരുമേട് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തുടർച്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോയെങ്കിലും ഗുരുതരമായ രോഗങ്ങൾ കണ്ടെത്താത്തതിനാൽ കിടത്തി ചികത്സിക്കാതെ പറഞ്ഞു വിടുകയായിരുന്നെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഇടുക്കി ആർ.ഡി.ഒ വിനോദിന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.നെടുങ്കണ്ടം തുക്കുപാലത്ത് സ്വകാര്യ സ്ഥാപനം വഴി വായ്പ നൽകാമെന്നു വാഗ്ദാനം ചെയ്തു സ്വയം സഹായ സംഘങ്ങളിൽ നിന്നും പണം തട്ടിപ്പ് നടത്തിയതിനാണ് റിമാൻഡിലായത്. കേസിൽ ഒന്നാം പ്രതിയാണ് മരിച്ച രാജ്കുമാർ.