പാലാ : രാമപുരത്തെ വായനാവസന്തത്തിന്റെ തേൻ നുകരാൻ ഒരു പറ്റം പൂമ്പാറ്റകളെത്തി ! പതിവുപോലെ രാമപുരം എസ്.എച്ച് ഗേൾസ് ഹൈസ്‌കൂളിലെ കുട്ടികളാണ് ഇത്തവണത്തെ വായനാവാരാചരണവും വ്യത്യസ്തമാക്കിയത്. സ്‌കൂൾ മുറ്റത്തും, പൂന്തോട്ടത്തിലും, ക്ലാസ് മുറികളിലും പുസ്തകങ്ങളുമായി പാറിനടക്കുന്ന പൂമ്പാറ്റകളെ കണ്ട് കുട്ടികൾ അത്ഭുതപ്പെട്ടു. കൈയിൽ പുസ്തകങ്ങളുമായി തങ്ങളെ വരവേറ്റ പൂമ്പാറ്റകൾ സ്വന്തം കൂട്ടുകാരാണെന്ന് അറിഞ്ഞപ്പോൾ അവരുടെ കൈയിലെ പുസ്തകങ്ങൾ വായിച്ചറിയാൻ തിരക്കായി.
വിദ്യാരംഗം കലാ സാഹിത്യവേദിയിലെയും, സാഹിത്യ ക്ലബിലെയും അംഗങ്ങളാണ് വായനയുടെ സന്ദേശവുമായി പുസ്തക പൂമ്പാറ്റകളായി മാറിയത്. വിവിധ പൂക്കളിൽ നിന്ന് തേൻ നുകരുന്ന പൂമ്പാറ്റകളെപ്പോലെ അറിവിന്റെ അമൂല്യ നിധികളായ പുസ്തകങ്ങളിൽ നിന്ന് വിജ്ഞാനത്തിന്റ തേൻ നുകരുവാൻ ഓരോ വിദ്യാർത്ഥിയെയും പ്രചോദിപ്പിക്കുക എന്നതായിരുന്നു പുസ്തക പൂമ്പാറ്റകളുടെ ലക്ഷ്യമെന്ന് അദ്ധാപകൻ ജോബി തോമസ് പറഞ്ഞു.
വായന വാരാഘോഷ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ റോസ് അദ്ധ്യക്ഷത വഹിച്ചു. ജെയ്‌മോൾ മാത്യു, ആൻ മരിയ രാജു എന്നിവർ പ്രസംഗിച്ചു. പ്രസംഗ മത്സരം, സാഹിത്യ ക്വിസ്, വായന കുറിപ്പ്, വായനാമത്സരം എന്നിവയുമുണ്ടായിരുന്നു. സോളി ജെയിംസ്, സിസ്റ്റർ റിജാ ജേക്കബ്, ജോബി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.