പാലാ : കുട്ടികൾ ഭംഗിയായി യോഗാ ചെയ്യുന്നത് കണ്ടപ്പോൾ ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനും ഒരു മോഹം; എളുപ്പത്തിൽ കുറച്ചു യോഗാസനങ്ങളെങ്കിലും പഠിക്കണം. ഒട്ടും മടിച്ചില്ല, കുട്ടികൾക്കൊപ്പം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണും ഒപ്പം കൂടി.

രാമപുരം എസ്.എച്ച് ഗേൾസ് ഹൈസ്കൂളിലെ യോഗാദിന പരിപാടികൾ അങ്ങനെ ഉഷാറായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയാ റോസിനോടും അദ്ധ്യാപകൻ ജോബി തോമസിനോടുമാണ് പ്രസിഡന്റ് ആഗ്രഹം പ്രകടിപ്പിച്ചത്. അവർക്കും നൂറു വട്ടം സമ്മതം. അങ്ങിനെ ബൈജു കുട്ടികൾക്കൊപ്പമിരുന്ന് അദ്ധ്യാപകരുടെ നിർദ്ദേശാനുസരണം യോഗാ പരിശീലിക്കാൻ തുടങ്ങി. വജ്രാസനം, അർദ്ധഘടിചക്രാസന തുടങ്ങിയ യോഗാസനങ്ങളാണ് ചെയ്തത്. തുടർച്ചയായി യോഗാ ക്ലാസിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. എൻ.സി.സി ഓഫീസർ ഫിലോമിനാ സെബാസ്റ്റ്യൻ, മേരി പോൾ ,ജോബി തോമസ് എന്നിവർ നേതൃത്വം നൽകി.