മണർകാട്: മണർകാട് സെന്റ് മേരീസ് കോളേജ് നാഷണൽ സർവീസ് സ്‌കീമിന്റെയും ഒൻപതാം വാർഡിന്റെയും നേതൃത്വത്തിൽ വലിച്ചെറിയൽ മുക്ത കാമ്പസ് ഗ്രാമം, നഗരം രണ്ടാംഘട്ടത്തിന്റെ ഭാഗമായി ദ്വിദിന ശ്രമദാനവും ബോധവൽക്കരണവും ഇന്ന് നടക്കും. ഒന്നാം ദിവസമായ ഇന്ന് രാവിലെ രജിസ്‌ട്രേഷനും ഒൻപതാം വാർഡിലെ വീടുകളിലും കോളേജിലും ശ്രമദാനവും നടക്കും. വൈകുന്നേരം 4ന് വലിച്ചെറിയൽ മുക്ത ക്യാമ്പസ്,ഗ്രാമം നഗരം രണ്ടാംഘട്ട ഉദ്ഘാടനവും ബോധവൽക്കരണവും മണർകാട് പെൻഷണേഴ്‌സ് ഭവനിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ലിസി ബേബിച്ചൻ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ബിജു തോമസ് അധ്യക്ഷത വഹിക്കും. കോളേജ് പ്രിൻസിപ്പാൾ ഡോ.പുന്നൻ കുര്യൻ മുഖ്യപ്രഭാഷണം നടത്തും. മൂന്നാം വാർഡ് മെമ്പർ ആനിയമ്മ ചാക്കോ, എൻ.എസ്.എസ് അവാർഡ് ജേതാവ് ഗോകുൽ സി.ദിലീപ് എന്നിവർ പങ്കെടുക്കും. പ്രോഗ്രാം ഓഫീസർ മഞ്ജുഷ സി.ജി സ്വാഗതവും വോളന്റിയർ ലീഡർ അരുൺ മഠത്തിൽ നന്ദിയും പറയും. തുടർന്ന് ലെറ്റ്‌സ് ഗോ ഗ്രീൻ എന്ന ആശയം എൻ.എസ്.എസ് മുൻ പ്രോഗ്രാം ഓഫീസർ ടോണി ഫ്രാൻസിസ് അവതരിപ്പിക്കും. എൻ.എസ്.എസ് അവാർഡ് ജേതാക്കളെ അനുമോദിക്കും. എം.ജി യൂണിവേഴ്‌സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ.എം.ജെ മാത്യു , കോളേജ് മാനേജർ റവ.ഫാ. കുര്യാക്കോസ് കാലായിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. സമാപനദിവസമായ നാളെ രാവിലെ 6ന് വോളന്റിയർ അദ്വൈത് എം.ജെ അസംബ്ലി, യോഗ നയിക്കും. കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ.ഷീല ചാക്കോ മുഖ്യാതിഥിയായിരിക്കും. ഔഷധ സസ്യോദ്യാന നിർമ്മാണം, ഇലക്ട്രോണിക് പ്ലാസ്റ്റിക് ശേഖരണം എന്നിവയും നടക്കും. സമാപനസമ്മേളനത്തിൽ സുവോളജി വിഭാഗം മേധാവി ഡോ.ബിജു ജോൺ മുഖ്യാതിഥിയായിരിക്കും. വോളന്റിയർ ലീഡർ ജിബിൻ ജേക്കബ് നന്ദിയും പറയും.