കോട്ടയം: നഗരസഭ പരിധിയിൽ കാലപ്പഴക്കം ചെന്ന് കെട്ടിടങ്ങൾ അപകടാവസ്ഥയിലായിട്ടും നോട്ടീസ് നൽകുന്നതല്ലാതെ അനന്തര നടപടികൾ നഗരസഭ സ്വീകരിക്കുന്നില്ല. മുപ്പതിലേറെ കെട്ടിടങ്ങളാണ് അപകടാവസ്ഥയിലായതായി കണ്ടെത്തിയിട്ടുള്ളത്. അഗ്നിരക്ഷാ സേനയുടെ പരിശോധനയിലും നഗരസഭ പരിധിയിലെ നിരവധി കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. നഗരമദ്ധ്യത്തിൽ പഴയ പച്ചക്കറി മാർക്കറ്റിന് സമീപത്തെ കെട്ടിടമാണ് അതീവ അപകടാവസ്ഥയിലുള്ളത്. കാലപ്പഴക്കത്താൽ ഈ കെട്ടിടത്തിന്റെ പല ഭാഗങ്ങളും വിണ്ടുകീറി. ഇവിടെ പ്രവർത്തിക്കുന്ന പത്തിലേറെ കച്ചവടസ്ഥാപനങ്ങളുടെ ഉടമകളോടും ഒഴിയണമെന്നാവശ്യപ്പെട്ട് നാലു തവണ നഗരസഭ നോട്ടീസ് നൽകിയിരുന്നു. നഗരമദ്ധ്യത്തിലെ ഇറച്ചി മാർക്കറ്റും അപകടാവസ്ഥയിലാണ്. തുടർന്ന് ഇവിടെ പ്രവർത്തിച്ചിരുന്ന ഇറച്ചിക്കടകൾ പൂട്ടിയെങ്കിലും കെട്ടിടത്തിന്റെ കാലപ്പഴക്കം പരിഹരിക്കുന്നതിന് നടപടികളൊന്നും നഗരസഭ സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. നൂറോളം തൊഴിലാളികൾക്കാണ് ഇറച്ചി മാർക്കറ്റ് അടച്ചുപൂട്ടിയതോടെ ജോലി നഷ്‌ടമായത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കര ബസ്‌സ്റ്റാൻഡും അപകടഭീഷണി നേരിടുന്നു. ഇവിടെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും വിണ്ടുകീറിയതിനോടൊപ്പം ആലും മുളച്ചു. എന്നാൽ ഇതിനും പരിഹാരം കണ്ടെത്താൻ നഗരസഭയ്ക്ക് കഴിയുന്നില്ലെന്ന് മാത്രം !

 അപകടസാദ്ധ്യത അരികിൽ !

 ആറു മാസം മുമ്പ് അഗ്നിരക്ഷാ സേന നടത്തിയ പരിശോധനയിൽ പല കെട്ടിടങ്ങൾക്കും അഗ്നിസുരക്ഷാ മാർഗങ്ങളിലെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, പല കെട്ടിടങ്ങളും തൊട്ടുതൊട്ട് ഇരിക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നതായും പഠനത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിൽ ഓരോ സ്ഥലത്തും അഗ്നിരക്ഷാ മാർഗങ്ങൾ ക്രമീകരിക്കണമെന്ന് അഗ്നിരക്ഷാ സേന നിർദ്ദേശിച്ചെങ്കിലും ഇതുവരെ നടപ്പായില്ല.