വൈക്കം: ഓടിക്കൊണ്ടിരുന്ന കെ. എസ്. ആർ. ടി. സി. ബസിന് തീ പിടിച്ചു, യാത്രക്കാർ ഉടൻ ചാടി പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. ഉദയനാപുരം കണിയാംതോട് പാലത്തിന് സമീപം ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. ഇരിങ്ങാലക്കുട ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് ബസ് കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെ വൈക്കം സ്റ്റാന്റിൽ യാത്രക്കാരെ കയറ്റിയ പോകുമ്പോൾ ബസിന്റെ അടിയിൽ നിന്നും തീ പടരുകയായിരുന്നു. ബസിന്റെ ലൈനറിൽ തീ പിടിച്ചാണ് തീ പടരാൻ കാരണമായത്. വൈക്കം ഫയർഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാർ ബൈക്കിൽ പോകുന്നതിനിടെ ബസിൽ തീ പടരുന്നത് കണ്ട് പിൻതുടർന്ന് പോയി ബസ് ഉടൻ തടഞ്ഞിടുകയായിരുന്നു. ബസിനുള്ളിൽ പുക ഉയർതോടെ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ഉടൻ ചാടി പുറത്തിറങ്ങി. തുടർന്ന് വൈക്കത്ത് നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തി ഉടൻ തീ അണച്ചതിനാൽ വാഹനത്തിലേക്ക് തീ കൂടുതൽ പടർന്ന് ഉണ്ടാകുന്ന ദുരന്തം ഒഴിവായി. വെള്ളം ശക്തിയായി പമ്പ് ചെയ്ത് വാഹനം തണുപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞ് യാത്രക്കാരുമായി ബസ് യാത്ര തുടരുകയായിരുന്നു.