mallappaly

പത്തനംതിട്ട: ജില്ലയിലെ രണ്ട് വലിയ കുടിവെളള പദ്ധതികൾക്ക് ഭരണാനുമതിയായി. നിരണം - നെടുമ്പ്രം, നിലയ്ക്കൽ - സീതത്തോട് പദ്ധതികൾക്കാണ് അനുമതിയായത്. ജല അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷനാണ് പദ്ധതി നടപ്പാക്കുന്നത്.

തിരുവല്ല നെടുമ്പ്രം, നിരണം, പെരിങ്ങര, കടപ്ര പഞ്ചായത്തുകൾക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നിരണം, കടപ്ര പഞ്ചായത്തുകളിൽ വിതരണ ശൃംഖല സ്ഥാപിക്കുന്നതിനും സീതത്തോട് പഞ്ചായത്തിനും പെരുനാട് പഞ്ചായത്തിലെ നിലയ്ക്കൽ, പ്ളാപ്പളളി മേഖലയ്ക്ക് വേണ്ടിയുളള കുടിവെളള പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുമാണ് അനുമതി. നാല് പഞ്ചായത്തുകൾക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനം ചെയ്യും.

ശബരിമലയുടെ ബേസ് ക്യാമ്പാകുന്ന നിലയ്ക്കലിൽ ജലലഭ്യത വർദ്ധിക്കുന്നത് തീർത്ഥാടകർക്ക് ആശ്വാസമാകും. പ്രളയത്തെ തുടർന്ന് ശബരിമല തീർത്ഥാടനത്തിന്റെ താൽക്കാലിക ബേസ് ക്യാമ്പാക്കിയ നിലയ്ക്കലിൽ ടാങ്കർ ലോറികളിലാണ് വെളളം എത്തിച്ചിരുന്നത്.

20 കോടിയുടെ പദ്ധതി

നിരണം - നെടുമ്പ്രം പദ്ധതിയുടെ വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് 20 കോടി രൂപയാണ് അനുവദിച്ചത്. നബാർഡിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. 1,41,145 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ടെൻഡറിന് അംഗീകാരം ലഭിച്ചാൽ ഉടൻ പ്രവൃത്തി ആരംഭിക്കും.

120 കോടിയുടെ പദ്ധതി

നിലയ്ക്കൽ - സീതത്തോട് പദ്ധതി പ്ലാപ്പള്ളി, അട്ടത്തോട്, തുലാപ്പള്ളി, കിസുമം, കൊല്ലമൂഴി, പമ്പാവാലി, ളാഹ എന്നീ പ്രദേശങ്ങൾക്കും പ്രയോജനപ്പെടും. തീർത്ഥാടകർക്ക് പുറമേ 1,46,396 പ്രദേശവാസികൾക്ക് വെളളം കിട്ടും. നബാർഡിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 120 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. വിവിധ ജലസംഭരണികൾ, പമ്പ് ഹൗസ്, ക്ലിയർ വാട്ടർ പമ്പിംഗ് മെയിൻ സ്ഥാപിക്കൽ, പമ്പ് സെറ്റ് സ്ഥാപിക്കൽ, ട്രാൻസ്‌ഫോർമർ ബിൽഡിംഗ്, ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ എന്നിവയാണ് രണ്ടാം ഘട്ടത്തിലെ നിർമാണ പ്രവർത്തനങ്ങൾ. നാല് പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുക. പാക്കേജ് ഒന്നിൽ ഉൾപ്പെടുത്തിയ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചു. ബാക്കി പാക്കേജുകളുടെ എസ്റ്റിമേറ്റ് തയാറായി വരുന്നു.

>>

'' പദ്ധതികൾക്ക് ഉടൻ ടെൻഡർ വിളിക്കും. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും.

വൈ. സജീദ.

ജല അതോറിറ്റി അടൂർ പ്രോജക്ട്

ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ

>>

ആകെ 140 കോടി.

>>>>>>>>>>

സംയോജിത ശുദ്ധജല വിതരണ പദ്ധതി ഒന്നാംഘട്ടം പൂർത്തിയായി


മല്ലപ്പള്ളി : താലൂക്കിലെ മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സംയോജിത ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി.
ആനിക്കാട് പുളിക്കാമല കുന്നിൽ 49 സെന്റ് സ്ഥലത്ത് ഒന്നാംഘട്ടമായി ശുദ്ധീകരണശാല പൂർത്തീകരിച്ചു. ദിനംപ്രതി പത്തു ദശലക്ഷം ലിറ്റർ ജലം ഇവിടെ ശുദ്ധീകരിക്കാനാകും. മൂന്ന് ജലസംഭരണികളും മണിമലയാറ്റിലെ കിണറ്റിൽ നിന്നും ശുദ്ധീകരണശാലയിലേക്കുള്ള പൈപ്പുകളും, വെള്ളം തിരിച്ചിറങ്ങുന്നതിനുള്ള പൈപ്പുകളും സ്ഥാപിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടത്തിൽ ഗ്രാമപ്രദേശങ്ങളിലേക്കുള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള സർവേ ആരംഭിച്ചു.
കാരിക്കാമല, ഹനുമാൻകുന്ന്, കൈപ്പറ്റ, പരക്കത്താനം എന്നിവിടങ്ങളിലെ ഉപരിതല ടാങ്കുകൾ നവീകരിക്കും. കാവുങ്കഴമല, കാട്ടാമല, നാരകത്താനി, പൊന്നിരിക്കുംപാറ, തൃച്ചേർപ്പുറം എന്നിവിടങ്ങളിൽ പുതിയ സംഭരണികൾ നിർമിക്കും. 34.33 കോടി രൂപയാണ് പദ്ധതിയുടെ ആകെ അടങ്കൽ തുക. കേരളാ വാട്ടർ അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന പ്രവർത്തികൾക്ക് മുൻ സർക്കാർ 7.98 കോടി രൂപയും ഇപ്പോഴത്തെ സർക്കാർ 24 കോടി രൂപയും അനുവദിച്ചിരുന്നു.

>>

''മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകൾ, കോട്ടാങ്ങൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 11, 12, 13 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ കുടിവെള്ള വിതരണത്തിന് വേണ്ടിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

റെജി ശാമുവേൽ

മല്ലപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.