കോട്ടയം: ചന്ദനകടത്തുകേസിൽ ആന്ധ്ര വനംവകുപ്പ് ദുബായിൽനിന്ന് വിളിച്ചുവരുത്തി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത മലപ്പുറം മഞ്ചേരി സ്വദേശി ഹസ്കറിനെ (43) കസ്റ്റഡിയിൽ വിട്ടുകിട്ടാൻ മറയൂർ വനംവകുപ്പ് കോടതിയിൽ അപേക്ഷ നല്കും. ചിറ്റൂരിലെ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഹസ്കറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ മറയൂരിൽ നിന്ന് എത്രത്തോളം ചന്ദനം കടത്തിയിട്ടുണ്ടെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയാണെന്നും കണ്ടെത്താൻ കഴിയൂ. ചന്ദനതൈലവും പൗഡറും ദുബയിലേക്ക് കടത്തുന്നതെന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ മറയൂർ വനംവകുപ്പിന് കണ്ടെത്തേണ്ടതുണ്ട്.

മറയൂരിലെ ചന്ദനക്കാടുകളിൽ നിന്നും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ നിന്നും കൂടുതലായി ചന്ദനമരങ്ങൾ വെട്ടിമാറ്റിയതോടെ നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ ചന്ദന കടത്തുകാരൻ മലപ്പുറം പൂക്കോട്ടൂർ പുല്ലാര സ്വദേശി ഷൊഹൈബിനെ (കുഞ്ഞാപ്പു-36) മറയൂർ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാളുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ആന്ധ്ര ബൊമ്മസമുദ്രത്തെ അനധികൃത ചന്ദനഫാക്ടറിയിൽ മൂന്നാർ ഡി.എഫ്.ഒ നരേന്ദ്രബാബു, മറയൂർ സാന്റൽ ഡിവിഷൻ ഡി.എഫ്.ഒ ബി.രഞ്ജിത്, മറയൂർ റേഞ്ച് ഓഫീസർ ജോബ്.ജെ. നേര്യംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ 25 അംഗ സായുധസംഘം പരിശോധന നടത്തിയതും ഒരു കോടി രൂപ വിലവരുന്ന 720 കിലോ ചന്ദനമുട്ടികളും ചീളുകളും കണ്ടെത്തിയതും.

2009-ൽ റദ്ദാക്കിയ ഫാക്ടറിയുടെ ലൈസൻസ് പുതുക്കിത്തരാമെന്ന് പറഞ്ഞാണ് ദുബായിലായിരുന്ന ഹസ്കറിനെ ആന്ധ്ര വനംവകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയത്. എയർപോർട്ടിൽ ഇറങ്ങിയ ഉടനെ ചിറ്റൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.