കോട്ടയം : ഐ.പി.എൽ മാതൃകയിൽ ലക്ഷങ്ങൾ സമ്മാനത്തുകയുള്ള പ്രഥമ ബോട്ട് റേസ് ലീഗിൽ പ്രമുഖ ചുണ്ടനുകളെ നീറ്റിലിറക്കി ജേതാക്കളാകാൻ ബോട്ട് ക്ലബുകൾ മത്സരം തുടങ്ങി. ജൂലായ് 15 ന് ചമ്പക്കുളം മൂലം വള്ളംകളിയോടെ കേരളത്തിലെ വള്ളം കളി മത്സരസീസൺ ആരംഭിക്കുകയാണ്. ആഗസ്റ്റിലെ രണ്ടാം ശനി പുന്നമടക്കായലിൽ നെഹൃട്രോഫി, പിന്നെ നീരേറ്റുപുറം, പായിപ്പാട്, പുളിംകുന്ന്, താഴത്തങ്ങാടി തുടങ്ങി കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി വരെയുള്ള ജലോത്സവങ്ങൾ കോർത്തിണക്കിയാണ് ലീഗ് മത്സരങ്ങൾ.
വിവിധ ജലമേളകളിലായി ഒരു ഡസനോളം മത്സരങ്ങളാണ് ബോട്ട് റേസ് ലീഗിലുണ്ടാവുക. നെഹൃട്രോഫിയിൽ മികച്ച സമയം കുറിക്കുന്ന ഒമ്പത് ടീമുകളെയാണ് ആദ്യം തിരഞ്ഞെടുക്കുക. ഓരോ മത്സരത്തിലും മികച്ച സമയം നേടി മുന്നിലെത്തുന്നവർക്കാണ് ഗ്രാൻഡ് ഫിനാലേ യോഗ്യത. ഓരോ മത്സരത്തിലും സമ്മാനത്തുകയ്ക്ക് പുറമെ ബോണസായി 5 ലക്ഷം രൂപ വീതം ലഭിക്കും. ഫൈനൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയാണ് സമ്മാനതുക. വള്ളമിറക്കാൻ സ്പോൺസറെ കിട്ടാതെ വന്നതോടെ മിക്ക ബോട്ട് ക്ലബുകളും നെഹൃട്രോഫി ഒഴിച്ച് മറ്റു ജലോത്സവങ്ങളിൽ പങ്കെടുക്കാൻ താത്പര്യം കാണിക്കുന്നില്ല. ലീഗ് മത്സരമാകുന്നതോടെ കൂടുതൽ ക്ലബുകൾ രംഗത്തെത്തി. കനായിംഗ് കയാക്കിംഗ് താരങ്ങൾക്ക് പുറമെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ജലകായിക താരങ്ങളെയും, പട്ടാള ടീമിലെ നല്ല തുഴച്ചിൽകാരെയും കണ്ടെത്താനുള്ള ശ്രമം ക്ലബുകൾ ആരംഭിച്ചിട്ടുണ്ട്. പൊലീസ് ടീമും ചുണ്ടനുമായി രംഗത്തുണ്ട്.
.
ഫൈനൽ ജേതാക്കൾക്ക് 25 ലക്ഷം
ബോണസായി : 5 ലക്ഷം
കോട്ടയത്ത് നിന്ന് 3 ക്ലബുകൾ
കോട്ടയത്ത് നിന്ന് മൂന്ന് ബോട്ട് ക്ലബുകൾ നെഹൃട്രോഫിക്കായി ആലപ്പുഴയിലെത്തും. കുമരകം ടൗൺ ബോട്ട്ക്ലബ് പായിപ്പാടനിലും, വേമ്പനാട് ബോട്ട്ക്ലബ് വീയപുരം പുത്തൻ ചുണ്ടനിലും, തിരുവാർപ്പ് ബോട്ട് ക്ലബ് ജവഹർതായങ്കരിയിലും , എൻ.സി.ഡി.സി കൈപ്പുഴമുട്ട് ദേവാസ് ചുണ്ടനിലും മത്സരിക്കും. കുമരകത്തിന്റെ സ്വന്തം ചുണ്ടനായ ഇല്ലിക്കളത്തിലാകും കൊല്ലം ജീസസ് ബോട്ട് ക്ലബ് എത്തുക. കഴിഞ്ഞ വർഷം നെഹൃട്രോഫി നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് നടുഭാഗം പുത്തൻ ചുണ്ടനിലും, യു.ബി.സി കൈനകരി ചമ്പക്കുളം ചുണ്ടനിലും, കേരള പൊലീസ് കാരിച്ചാൽ ചുണ്ടനിലും, ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് കാട്ടിൽ തെക്കേതിൽ ചുണ്ടനിലും, കാവാലം കരുമാടികുട്ടൻ ബോട്ട് ക്ലബ് ആയാപറമ്പ് വലിയ ദിവാൻജിയിലുമാകും തുഴയെറിയുക. മറ്റു ബോട്ട് ക്ലബുകൾ മത്സരിക്കാൻ കൊള്ളാവുന്ന കള്ളിവള്ളങ്ങൾക്കായുള്ള നെട്ടോട്ടത്തിലാണ്.