കോട്ടയം: ഒരു കൊല്ലവും മൂന്ന് മാസവും.. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മത്സരിച്ച് അന്വേഷിച്ചു.. എന്നിട്ടും ഒരു തുമ്പും കിട്ടാതെ ദുരൂഹമായി തുടരുന്ന ഒരു കേസുണ്ട്- ജസ്നയുടെ തിരോധാനം. മുക്കൂട്ടുത്തറയിൽ നിന്ന് അപ്രത്യക്ഷമായ ജസ്നയെക്കുറിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമൊക്കെ പൊലീസ് അരിച്ചുപെറുക്കിയിട്ടും ഒരു സൂചനപോലും ഇതുവരെ ലഭിച്ചിട്ടില്ല. ജസ്നയെക്കുറിച്ച് സൂചന നല്കുന്നവർക്ക് അഞ്ചുലക്ഷം രൂപ ഡി.ജി.പി ഇനാം വരെ പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 50 ഇൻഫർമേഷൻ ബോക്സുകളും സ്ഥാപിച്ചു. നൂറുകണക്കിന് കത്തുകൾ ഈ ബോക്സുകളിൽ വീണു. അതിന് പിറകെ പൊലീസ് പാഞ്ഞിട്ടും ഫലം നിരാശാജനകം.
ക്രൈംബ്രാഞ്ച് കേസ് എറ്റെടുത്ത സമയത്താണ് കേരളത്തിൽ മഹാപ്രളയം ഉണ്ടായത്. അതിനുശേഷം അന്വേഷണത്തിന് വേണ്ടത്ര ഊർജം ഉണ്ടായില്ല. എങ്കിലും ജസ്നയെ കണ്ടെത്താൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്.
കഴിഞ്ഞവർഷം മാർച്ച് 22ന് രാവിലെ 10.40ഓടെയാണ് അമ്മായിയെ കാണാൻ പോകുന്നുവെന്നുപറഞ്ഞ് ജസ്ന വീട്ടിൽ നിന്ന് ഇറങ്ങിയത്. മുക്കൂട്ടുത്തറ കൊല്ലമുള സന്തോഷ് കവലയ്ക്ക് സമീപം കുന്നത്തുവീട്ടിൽ ജയിംസിന്റെ മകളാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ജസ്ന മരിയ ജയിംസ്.
രാവിലെ ബാഗുമായി വീട്ടിൽനിന്നിറങ്ങിയ ജസ്നയെ ഒരു ഓട്ടോഡ്രൈവറാണ് മുക്കൂട്ടുത്തറ ജംഗ്ഷനിൽ കൊണ്ടുവിട്ടത്. എരുമേലിയിലേക്കുള്ള ബസിൽ കയറുന്നത് ഡ്രൈവർ കണ്ടിരുന്നു. പിന്നെ, ജസ്നയെ ആരും കണ്ടിട്ടില്ല. അന്നുതന്നെ പിതാവ് ജയിംസ് പൊലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നാട്ടിൽ അന്വേഷണം നടത്തുന്നതിനിടയിൽ ബംഗളൂരുവിൽ ജസ്നയെ കണ്ടതായി വിവരം ലഭിച്ചതോടെ പൊലീസ് അവിടേക്ക് കുതിച്ചു. തുടർന്ന് പലപ്പോഴായി ചെന്നൈ, ഗോവ എന്നിവിടങ്ങളിലും അന്വേഷണ സംഘം പോയി. തൃശൂരിൽ നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. സി.സി ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് എല്ലായിടത്തും അന്വേഷണം നടത്തിയത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് സെന്ററുകളിലും മലയിടുക്കുകളിലും കൊക്കകളിലും നാട്ടുകാരെയും സഹപാഠികളെയും കൂട്ടി തെരച്ചിൽ നടത്തി.
വീട്ടിൽ മൊബൈൽ ഫോണും സ്വർണാഭരണങ്ങളും ഊരിവച്ചശേഷമാണ് ജസ്ന പോയത്. ഈ ഫോൺ പരിശോധിച്ചപ്പോൾ ഒരു യുവാവുമായി സംസാരിച്ചിരുന്നത് മണിക്കൂറുകളാണെന്ന് കണ്ടെത്തി. കൂടാതെ 'ഞാൻ ചാവാൻ പോകുന്നു'വെന്ന് പറഞ്ഞ് അവസാനം അയച്ച മെസേജും മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തി. ഇതോടെ മുണ്ടക്കയം പുഞ്ചവയൽ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ മിക്കപ്പോഴും ജസ്ന വിളിക്കാറുണ്ടെന്നും തനിക്ക് ജസ്നയോട് പ്രേമമില്ലെന്നും താൻ മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. സംശയം തോന്നത്തക്കവിധം ഒരു തെളിവും കണ്ടെത്താൻ കഴിയാതിരുന്നതോടെ യുവാവിനെ പൊലീസ് വിട്ടയച്ചു.
അതിനിടെ മുണ്ടക്കയത്തെ ഒരു തുണിക്കടയിൽ ജസ്ന ഒരു യുവാവുമായി തുണിയെടുക്കാൻ എത്തിയത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. പക്ഷേ, തുടർന്നുള്ള അന്വേഷണം വഴിമുട്ടുകയായിരുന്നു. ഇതിനിടയിൽ കോൺട്രാക്ടർ കൂടിയായ ജസ്നയുടെ പിതാവിനെവരെ സംശയിക്കുന്ന നിലയെത്തി. ഇതോടെ ജയിംസിന്റെ പാതി നിർമ്മാണത്തിലിരുന്ന വീടിന്റെ സ്വീകരണ മുറിയും കെട്ടിടത്തിനു സമീപം കുത്തിയിരുന്ന കക്കൂസ് കുഴിയും പൊലീസ് ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുത്ത് പരിശോധിച്ചു. എന്നാൽ, അവിടെ നിന്നും ഒരു തെളിവും ലഭിച്ചില്ല.
തമിഴ്നാട്ടിലേക്ക്..
അന്വേഷണം വഴിമുട്ടിയ അവസ്ഥയിൽ വെള്ളത്തൂവലിൽ വനാതിർത്തിയിൽ ഒരു സ്ത്രീയുടെ കാൽ കണ്ടെത്തിയിരുന്നു. ഇതോടെ അന്വേഷണ സംഘം അങ്ങോട്ട് കുതിച്ചു. ഡി.എൻ.എ ടെസ്റ്റിൽ ആ കാൽ ജസ്നയുടേതല്ലെന്ന് വ്യക്തമായി. തമിഴ്നാട്ടിൽ കാഞ്ചിപുരം ചെങ്കൽപ്പെട്ടയിൽ ചാക്കിൽ കെട്ടിക്കൊണ്ടുവന്ന ജഡം പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിനിടയിൽ പൊലീസ് പട്രോളിംഗ് സംഘം ജീപ്പ് നിർത്തിയതോടെ മൂന്നുപേർ അവിടെനിന്ന് ഓടിപ്പോയ സംഭവം ഉണ്ടായി. അന്വേഷണ സംഘം അങ്ങോട്ട് കുതിച്ചു. പോസ്റ്റുമോർട്ടത്തിൽ സ്ത്രീയുടെ പല്ലിൽ ക്ലിപ്പ് ഇട്ടിരുന്നു. ജസ്നയുടെ പല്ലിനും ക്ലിപ്പുണ്ടായിരുന്നു. എന്നാൽ ജസ്നയുടെ മൂക്ക് കുത്തിയിരുന്നില്ല. മൃതദേഹത്തിൽ മൂക്കുകുത്തി കണ്ടെത്തിരുന്നു. ഇതോടെ മരിച്ചത് ജസ്നയല്ലെന്ന് ഉറപ്പിച്ചു.
ജസ്നയോട് സാദൃശ്യമുള്ള ഒരു സ്ത്രീ ഒരു യുവാവുമൊപ്പം രാത്രിയിൽ കമ്പളികണ്ടത്ത് കണ്ടിരുന്നുവെന്ന വാർത്തയെ തുടർന്ന് തിരുവല്ല ഡിവൈ.എസ്.പിയായിരുന്ന ആർ.ചന്ദ്രശേഖരപിള്ള അവിടെയെത്തി അന്വേഷിച്ചിരുന്നു. കഴിഞ്ഞ മെയ് 9ന് രാത്രി പത്തരയോടെയാണ് കണ്ടതെന്നാണ് ഒരു കാർ ഡ്രൈവർ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ബസ് കിട്ടാതെ വഴിയിൽ നിന്ന ഇരുവരെയും നേര്യമംഗലത്ത് കാറിൽ വിട്ടുവെന്നും എങ്ങോട്ടാണ് അവർ പോയതെന്ന് അറിയില്ലെന്നുമായിരുന്നു ഡ്രൈവറുടെ വെളിപ്പെടുത്തൽ. എന്നാൽ, ആ അന്വേഷണത്തിലും ജസ്നയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. ഇനി അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന ആശയക്കുഴപ്പത്തിലാണ് അന്വേഷണ സംഘം.