കോട്ടയം : സോഷ്യൽ മീഡിയകൾ നുരഞ്ഞുപൊന്തുകയാണ്, ഫുൾജാർ സോഡയുടെ രൂപത്തിൽ. ഫേസ്ബുക്ക്, ടിക്ടോക്ക്, യൂടൂബ്, വാസ് ആപ് എന്നിവയിലെല്ലാം ഈ തരംഗം ദൃശ്യമാണ്. എന്നാൽ, ഇതിനെക്കെ അപ്പുറം നമ്മളിൽ അധികം പേരും കാണാതെപോകുന്ന ഒരു കാര്യമുണ്ട് ; കേവലം 30 രൂപയ്ക്ക് ലഭിക്കുന്ന ഫുൾജാർ സോഡ ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ. തെരുവോരങ്ങളിൽ ഉൾപ്പെടെ പല കടകളിലും തീർത്തും വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് ഫുൾജാർ സോഡ തയാറാകുന്നത്.

പച്ചമുളക്, ഇഞ്ചി, പുതിന, എന്നിവയെല്ലാം ചേർത്ത് അരച്ചെടുത്ത് ഉപ്പ്, പഞ്ചസാര, കസ്‌കസ് എന്നിവയും ചേർത്ത് പൾപ്പ് രൂപത്തിലാക്കിയ മിശ്രിതം ചെറിയ ഗ്ലാസ്സിൽ എടുത്ത് ഗ്ലാസ്സ് ഉൾപ്പടെ വലിയ ഗ്ലാസ്സ് സോഡയിലേയ്ക്ക് ഇട്ടു കുടിക്കുന്നതാണ് ഫുൾജാർ സോഡ.

സോഡ തന്നെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. അപ്പോഴാണ് യാതൊരു ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഫുൾജാർ സോഡ വിൽപന നടത്തുന്നത്. സോഡയിലേയ്ക്ക് ഇടുന്ന ഗ്ലാസ്സിന്റെ അടിഭാഗത്ത് ധാരാളം അഴുക്കുകൾ പറ്റിപിടിച്ചിട്ടുണ്ട്. അതുൾപ്പടെയാണ് ഉപഭോക്താക്കൾ കുടിക്കുന്നത്. കൂടാതെ അളവിൽ കൂടുതൽ പച്ചമുളകിന്റെയും ഇഞ്ചിയുടേയും മിശ്രിതം അകത്ത് ചെല്ലുന്നതും ശരീരത്തിന് ദോഷമാണ്. എന്തൊക്കെയായാലും എല്ലാ കടകളിലും ഫുൾജാർ സോഡ കുടിക്കാൻ അസാമാന്യ തിരക്കാണ്. ടിക് ടോക് പോലുള്ള ആപ്പുകൾ വഴി ഫുൾജാർ സോഡ കുടിക്കുന്ന വീഡിയോ വൈറലാക്കാനാണ് കൗമാരക്കാരുടെ തീവ്രശ്രമം. അതിനു വേണ്ടി മാത്രം 30 രൂപ ചെലവാക്കി സോഡ കുടിക്കുന്നവരും നിരവധിയാണ്.

ഭക്ഷ്യസുരക്ഷ

പാലിക്കാതെ...

ഫുൾജാർ സോഡയുടെ കച്ചവട സാധ്യത മുന്നിൽ കണ്ട് മാത്രം താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ മാടക്കടകളിലാണ് ഇത് കൂടുതലും വിൽപന നടത്തുന്നത്. പലയിടങ്ങളിലും ഗ്ലാസ്സ് കഴുകുന്ന വെള്ളം പോലും മലിനവും ദുർഗന്ധം വമിക്കുന്നതുമാണ്. യാതൊരു വിധത്തിലുള്ള ഭക്ഷ്യ സുരക്ഷാനിയമങ്ങളും പാലിക്കാതെ നടത്തുന്ന ഇത്തരം കടകൾക്കെതിരെയും അതിന്റെ നടത്തിപ്പുകാർക്കെതിരെയും ഭക്ഷ്യ സുരക്ഷാ വകുപ്പോ ആരോഗ്യ വകുപ്പോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ലൈസൻസില്ലാതെയാണ് ഇത്തരത്തിലുള്ള ഭൂരിഭാഗം കടകളും പ്രവർത്തിക്കുന്നത്. കാലവർഷമായതിനാൽ വിവിധ രോഗങ്ങളും ജില്ലയിൽ പിടിമുറുക്കിയിട്ടുണ്ട്. പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയത്താണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഫുൾജാർ സോഡയുടെ വരവെന്നതും ആശങ്ക ഉയർത്തുന്നതാണ്.