പൊൻകുന്നം: സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ജോ.ആർ.ടി.ഓഫീസിന് ഇനിമുതൽ വാടക അനുവദിക്കില്ലെന്ന് പി.ഡബ്ല്യു.ഡി. പൊൻകുന്നം മിനിസിവിൽ സ്റ്റേഷനിൽ ജോ.ആർ.ടി.ഓഫീസിനായി അത്യാധുനിക സൗകര്യങ്ങളോടെ വിശാലമായ ഹാളും മുറികളും സജ്ജമാക്കിയിട്ടുണ്ട്. മിനി സിവിൽ സ്‌റ്റേഷൻ പ്രവർത്തനം തുടങ്ങിയിട്ട് 11 മാസങ്ങളായി. അതുവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വാടകകെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫീസുകളെല്ലാം സിവിൽ സ്റ്റേഷനിലേക്ക് മാറി. സബ്ബ് ട്രഷറിയും ജോ.ആർ.ടി.ഓഫീസുമാണ് ഇനിയും സിവിൽ സ്റ്റേഷനിലേക്ക് പ്രവർത്തനം മാറാത്ത ഓഫീസുകൾ.
2018 ഓഗസ്റ്റിലാണ് സിവിൽ സ്‌റ്റേഷന്റെ ഉദ്ഘാടനം നടന്നത്. രണ്ടുമാസത്തിനകം എല്ലാ ഓഫീസുകളും ഇവിടെ പ്രവർത്തനമാരംഭിക്കുമെന്നാണ് അന്ന് എം.എൽ.എ.അടക്കമുള്ളവർ പറഞ്ഞത്. പുതിയ ഓഫീസിലേക്ക് മാറുമ്പോൾ ആവശ്യമായ കമ്പ്യൂട്ടറുകൾ വാങ്ങുന്നതിനുള്ള ഫണ്ട് അനുവദിക്കാത്തതാണ് ഓഫീസ് മാറ്റത്തിന് തടസമെന്നാണ് ഇതുവരെ അധികൃതർ പറഞ്ഞിരുന്നത്. ഇപ്പോൾ 11 കമ്പ്യൂട്ടറുകൾ വാങ്ങുന്നതിനുള്ള തുക അനുവദിച്ചെന്നും അടുത്തമാസം ജോ.ആർ.ടി.ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുമെന്നും ആർ.ടി.ഓഫീസിൽനിന്നും അറിയിച്ചു.