കോട്ടയം: കേരളകോൺഗ്രസ് (എം) ൽ അടിക്ക് തിരിച്ചടിയെന്ന നിലയിൽ പരസ്പരം ആപ്പ് പണിഞ്ഞ് ജോസ്-ജോസഫ് വിഭാഗങ്ങൾ.പി.ജെ.ജോസഫിനെ പിന്തുണച്ചതിന് മുൻ എം.എൽ.എ തോമസ് ഉണ്യാടനെ പുറത്താക്കിയായിരുന്നു ജോസ് വിഭാഗത്തിന്റെ ഇന്നലത്തെ അടി. കഴിഞ്ഞ ദിവസം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പനെ പുറത്താക്കിയിരുന്നു. തിരുവനന്തപുരത്ത് യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനത്തിൽ ഭിന്നശേഷിക്കാർ പങ്കെടുത്തതിന് ജോസഫിനെതിരെ മനുഷ്യാവകാശ കമ്മിഷനും ജോസ് വിഭാഗം പരാതി നൽകി.
ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം നൽകില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഇതിന് ജോസഫിന്റെ തിരിച്ചടി.
പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയെ യു.ഡി.എഫ് നിർദ്ദേശിച്ചാൽ പിന്തുണയ്ക്കും. എന്നാൽ പാർട്ടി ചിഹ്നം നൽകില്ലെന്ന ജോസഫിന്റെ നിലപാട് ജോസ് വിഭാഗത്തിന് പുതിയ തലവേദനയായി.
പി.ജെ. ജോസഫിനെതിരെ ജോസ് വിഭാഗം നേതാവ് ജോഷി മണിമലയാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്. ജോസ് വിഭാഗം കോട്ടയത്തു നടത്തിയ യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനത്തിന് ബദലായി ജോസഫ് വിഭാഗം തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തിൽ ആളെക്കൂട്ടാൻ ഭിന്നശേഷിയുള്ളവരെ ഉൾപ്പെടുത്തിയെന്നാണ് പരാതി.
ജോസഫ് വിഭാഗത്തിലേക്ക് കാലുമാറിയെന്ന് ആരോപിച്ച് തൃശൂർ ജില്ലാ കമ്മിറ്റിയാണ് തോമസ് ഉണ്യാടൻ, സി.വി.കുര്യാക്കോസ് എന്നിവരെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്. ജോസഫിനെ ഇടതു മുന്നണിയിലേക്ക് കൊണ്ടുപോകാൻ ഫ്രാൻസിസ് ജോർജ് ശ്രമിക്കുകയാണെന്ന ആരോപണം ജോസ് വിഭാഗം നേതാവ് സ്റ്റീഫൻ ജോർജ് നടത്തിയത് ജോസഫിനെതിരെ മറ്റൊരു പാരയായി. ഫ്രാൻസിസ് ജോർജിന്റെ ചതിയും പരദൂഷണവുമാണ് ജോസഫിനെ ജോസ് കെ. മാണിയിൽ നിന്ന് അകറ്റിയതെന്നും സ്റ്റീഫൻ ജോർജ് കുറ്റപ്പെടുത്തി.