കോട്ടയം : കോട്ടയം രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷര നഗരമായതിന്റെ മുപ്പതാം വാർഷികാഘോഷം 25ന് നടക്കും. നഗരസഭ കൗൺസിൽ ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. 1989 ജൂൺ 25നാണ് കോട്ടയം ആദ്യത്തെ സമ്പൂർണ സാക്ഷര നഗരമായി പ്രഖ്യാപിക്കപ്പെട്ടത്. പുരസ്‌കാര നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും സാക്ഷരതാ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും. ശുചിത്വ സാക്ഷരത യജ്ഞത്തിന് അന്ന് തുടക്കം കുറിക്കും.

നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന ആലോചനായോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലില്ലിക്കുട്ടി മാമ്മൻ, അംഗങ്ങൾ, എം.ജി യൂണിവേഴ്‌സിറ്റി എൻ.എസ്.എസ് കോ ഓർഡിനേറ്റർ എം.ജെ മാത്യൂസ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ആർ. ചന്ദ്രമോഹൻ, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എ.ബി ഗിരിജ, വികസന വിദ്യാകേന്ദ്രം പ്രേരക് ഷീല വർഗീസ്, പ്രസന്നകുമാരി സ്വാമിനാഥൻ, സാക്ഷരതാ പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു.