bund

വൈക്കം : തണ്ണീർമുക്കം ബണ്ടിന്റെ മദ്ധ്യഭാഗത്തിന് സമാന്തരമായ മൺചിറ പൊളിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കി.

കാലവർഷം കണക്കിലെടുത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നീരൊഴുക്ക് സുഗമമാക്കാൻ ചിറ നീക്കുന്നത്. 420 മീറ്ററോളം വരുന്ന ചിറയുടെ 220 മീറ്ററോളം ഇതിനകം നീക്കി. ബണ്ടിനോടനുബന്ധിച്ച മൺചിറ നീക്കം ചെയ്തിരുന്നെങ്കിൽ കഴിഞ്ഞ പ്രളയത്തിന്റെ ആഘാതം കുറയുമായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിരുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമാകുന്നതിനു മുൻപ് ചിറ പൂർണ്ണമായി നീക്കം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 19450 ഘനമീറ്റർ മണലാണ് നീക്കേണ്ടത്. മൂന്നാഴ്ചകൊണ്ട് ചിറ പൊളിച്ചുനീക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജലസേചനവകുപ്പ്. പലതവണ ചിറപൊളിക്കാൻ തുടങ്ങിയിട്ടും മണലിന്റെ ഉടമസ്ഥതയെചൊല്ലിയുള്ള തർക്കങ്ങളിൽ കുടുങ്ങുകയായിരുന്നു. തർക്കം പരിഹരിച്ചിട്ടില്ലെങ്കിലും മണൽ സർക്കാർ കസ്റ്റഡിയിലേക്കു മാറ്റിയാണ് ദുരന്തനിവാരണ പ്രവർത്തനമായി ചിറപൊളിക്കുന്നത്. മണൽ ബണ്ടിനോടു ചേർന്ന് വെച്ചൂർ ഭാഗത്താണ് നിക്ഷേപിക്കുന്നത്.