പെരുന്ന : മതന്യൂനപക്ഷങ്ങളുടെ ഏകീകരണമാണ് യു.ഡി.എഫിന്റെ വിജയത്തിന് പിന്നിലെന്ന് പറയുന്നത് വിശ്വാസികളെ കളിയാക്കുന്നതിന് തുല്യമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ആലപ്പുഴയിലെ പരാജയത്തിന് കാരണം കോൺഗ്രസിനുള്ളിലെ സ്പർദ്ധയാണ്. പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിൽ അദ്ദേഹത്തിന് ലഭിച്ചതിന്റെ മൂന്നിലൊന്ന് വോട്ടുപോലും ലഭിച്ചില്ല. ജാതിക്കും മതത്തിനും അതീതമായി വിശ്വാസികൾ ഒന്നിച്ച് വോട്ട് ചെയ്തു. ശബരിമല വിഷയത്തിൽ സഹായിക്കാമെന്നു പറഞ്ഞ് തിരഞ്ഞെടുപ്പ് ഉപകരണമാക്കിയ ബി.ജെ.പിയോട് അഭിപ്രായ ഭിന്നതയുണ്ടെന്നും എൻ.എസ്.എസിന്റെ ബഡ്ജറ്റ് അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ, ഭൂരിപക്ഷ വേർതിരിവുണ്ടാക്കുന്നത് ചിലരുടെ രാഷ്ട്രീയമാണ്. ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്നാണ് കരുതിയത്. എന്നാൽ ആലപ്പുഴയിൽ യു.ഡി.എഫ് ആത്മഹത്യയ്ക്ക് ഒരുങ്ങി. കോൺഗ്രസ് ഭരിക്കുന്ന ആലപ്പുഴ നഗരസഭയിലും വോട്ടു കുറഞ്ഞു. താനാണ് ഇടതുപക്ഷത്തെ ജയിപ്പിച്ചതെന്ന് ഒരു സമുദായ നേതാവ് ഇതിനിടയിൽ അവകാശപ്പെട്ടു.
ശബരിമല വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നിലപാട് അഭിനന്ദനാർഹമാണ്. സ്വകാര്യ ബില്ല് വന്നതോടെ സകലരും വെട്ടിലായി. ശബരിമല വിഷയത്തിൽ സഹായിക്കാമെന്നു പറഞ്ഞ് അടുത്തുകൂടിയ ബി.ജെ.പിയെ വിശ്വസിച്ചു. പക്ഷേ, സഹായിക്കാൻ അവസരമുണ്ടായിട്ടും അവർ ഒന്നും ചെയ്തില്ല. മുന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്. ഇത് എല്ലാവരും മനസിൽ കാണണം. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സംവരണം മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയപ്പോൾ കേരളം ഇപ്പോഴും അതിന് വേണ്ട പരിഗണന കൊടുത്തിട്ടില്ല. ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഏർപ്പെടുത്തിയ മുന്നാക്ക സംവരണം ഇന്നും കടലാസിൽ മാത്രമാണ്. ഇത് മുന്നാക്ക വിഭാഗങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.