പാലാ: കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെ പൊട്ടിത്തെറിയുടെ അലയൊലികൾ പാലാ നഗരസഭാ കൗൺസിൽ യോഗത്തിലും.

ഇന്നലെ രാവിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഭരണപക്ഷമായ മാണി ഗ്രൂപ്പിലെ തമ്മിലടി രൂക്ഷമായത്. ഇതിന് വഴിമരുന്നിട്ടതാകട്ടെ ഇടതുമുന്നണി അംഗങ്ങളും ബി.ജെ.പി പ്രതിനിധിയും.!

മാണി ഗ്രൂപ്പ് പ്രതിനിധിയും എന്നാൽ ജോസ്. കെ.മാണിയുമായി അഭിപ്രായ വ്യത്യാസവും പുലർത്തുന്നയാളുമായ കൗൺസിലർ ടോണി തോട്ടത്തിന് കഴിഞ്ഞ ദിവസം പുലർച്ചെ വധ ഭീഷണി മുഴക്കിയെത്തിയ ഫോൺ കോളിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഇന്നലെ കൗൺസിലിന്റെ ശൂന്യവേളയിൽ തന്നെ ആവശ്യപ്പെട്ടത് സി.പി.എം പ്രതിനിധി റോയി ഫ്രാൻസീസാണ്. ഈ വിഷയം അടിയന്തിര കൗൺസിൽ കൂടി ചർച്ച ചെയ്യണമെന്നും, ജോസ്.കെ.മാണി എം.പി, ഭാര്യ നിഷ എന്നിവരുടെ പേരുകൾ ഭീഷണി മുഴക്കിയ ആൾ ഉപയോഗിച്ചിട്ടുണ്ടെന്നും ബി.ജെ.പി. അംഗം അഡ്വ. ബിനു പുളിക്കക്കണ്ടം പറഞ്ഞു.

ഇക്കാര്യത്തെക്കുറിച്ച് കേട്ടിരുന്നെങ്കിലും വിശദമായ കാര്യങ്ങൾ അറിയില്ലെന്ന് ചെയർ പേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ കൗൺസിലിനെ അറിയിച്ചു. രാഷ്ട്രീയത്തിൽ ഇതൊക്കെ പതിവല്ലേയെന്നും ചെയർപേഴ്‌സൺ കൂട്ടിച്ചേർത്തു. ഒരു സഹകൗൺസിലർക്കു നേരെ വധഭീഷണി ഉണ്ടായിട്ടും പ്രതികരിക്കാനോ അതേപ്പറ്റി അന്വേഷിക്കാനോ തയ്യാറാകാത്ത ചെയർപേഴ്‌സന്റെ നടപടി അപലപനീയമാണെന്ന് വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, പ്രതിപക്ഷത്തെ പ്രസാദ് പെരുമ്പള്ളിൽ, അഡ്വ. ബിനു പുളിക്കക്കണ്ടം എന്നിവർ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഭരണപക്ഷത്തെ പ്രൊഫ. സെലിൻ റോയി, പി.കെ. മധു പാറയിൽ എന്നിവരും ആവശ്യപ്പെട്ടു.

എന്നാൽ തനിക്കും ഭീഷണി വന്നിട്ടുണ്ടെന്നും, ടോണിയ്ക്കു നേരെ ഉണ്ടായ ഭീഷണിയിൽ മാണി ഗ്രൂപ്പിലെ എന്തെങ്കിലും പ്രശ്‌നങ്ങളാണെന്ന് കരുതുന്നില്ലെന്നും, നഗരസഭാ കൗൺസിലിലുള്ള മാണി ഗ്രൂപ്പിലെ 17 അംഗങ്ങളും ഒറ്റക്കെട്ടാണെന്നും ഭരണപക്ഷത്തെ ബിജു പാലൂപ്പടവിൽ പറഞ്ഞു. ഇന്റർനെറ്റ് കോളിൽ നിന്നാണ് ടോണിക്ക് ഭീഷണി വന്നതെന്ന ബിജുവിന്റെ പരാമർശം വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ ചോദ്യം ചെയ്തു; ഇന്റർനെറ്റ് കോളാണെന്ന് ബിജുവിന് എങ്ങിനെ മനസ്സിലായെന്ന് പടവന്റെ ചോദ്യം ഭരണ പക്ഷാംഗങ്ങളിലെ ചേരിതിരിവ് ഒന്നു കൂടി വ്യക്തമാക്കി. ടോണിക്ക് നേരെയുള്ള വധഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തിര കൗൺസിൽ യോഗം വിളിക്കണമെന്നുള്ള ഭരണ പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം ചെയർപേഴ്‌സൺ അംഗീകരിച്ചു. തിങ്കളാഴ്ച 2.30ന് കൗൺസിൽ യോഗം ചേരാനും തീരുമാനിച്ചു.

എന്നാൽ ഇന്നലെ ഉച്ചതിരിഞ്ഞ് 3ന് നടത്താനിരുന്ന കൗൺസിൽ യോഗം വേറെ നോട്ടീസ് നൽകാതെ രാവിലെ 10 മണിയിലേക്ക് മാറ്റിയത് നിയമ പരമായി ശരിയല്ലെന്ന് അഡ്വ. ബിനു പുളിക്കക്കണ്ടം ചൂണ്ടിക്കാട്ടി. എല്ലാ കൗൺസിലർമാർക്കും സമ്മതമാണെങ്കിൽ യോഗത്തിന്റെ സമയം മാറ്റുന്നതിൽ തെറ്റില്ലെന്ന ന്യായീകരണവുമായി ഭരണപക്ഷത്തെ ബിജു പാലൂപ്പടവിൽ എഴുന്നേറ്റെങ്കിലും സമയം മാറ്റി നടത്തുന്ന കൗൺസിൽ യോഗം ശരിയല്ലെന്ന് പറഞ്ഞ് വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ അതിനു തടയിട്ടു. ഭരണപക്ഷത്തെ ചിലർ തന്നെ കൗൺസിൽ യോഗത്തിന്റെ സാധുതയെ ചോദ്യം ചെയ്തതിനാൽ 'തനിക്കു ഇക്കാര്യത്തിൽ വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ലെന്നും യോഗം പിരിച്ചുവിടുകയാണെന്നും അറിയിച്ച് ചെയർപേഴ്‌സൺ അദ്ധ്യക്ഷ കസേരയിൽ നിന്നും എഴുന്നേറ്റു പോയി.

 അടിയന്തിര കൗൺസിൽ ചേരാനുള്ള തീരുമാനം നിലനിൽക്കില്ല

ടോണി തോട്ടത്തിനെതിരെ ഫോണിൽ വധ ഭീഷണി മുഴക്കിയ കാര്യം തിങ്കളാഴ്ച അടിയന്തിര കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വൈസ് ചെയർമാൻ ഉൾപ്പെടെ ചിലരുടെ പിടിവാശി മൂലം ഇന്നലത്തെ കൗൺസിൽ യോഗം പിരിച്ചുവിടേണ്ടി വന്നതിനാൽ , ഇന്നലെ ആദ്യമെടുത്ത അടിയന്തിര കൗൺസിൽ യോഗം ചേരാനുള്ള തീരുമാനവും നില നിൽക്കില്ലെന്ന് ചെയർപേഴ്‌സൺ ബിജി ജോജോ 'കേരള കൗമുദി ' യോടു പറഞ്ഞു. എങ്കിലും ഒരു കൗൺസിലർക്കെതിരെയുള്ള വധ ഭീഷണി ഗുരുതരമായി കണ്ടു കൊണ്ട് പിന്നീട് ചേരുന്ന കൗൺസിൽ യോഗം ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. കേവലം പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് ചിലർ ഈ വിഷയം ഉന്നയിക്കുന്നതെന്ന് സംശയിക്കുന്നതായും ചെയർപേഴ്സണും, ഭരണപക്ഷ കൗൺസിലർ ബിജു പാലൂപ്പടവിലും പറയുന്നു.