പാലാ: പാലാ -പൂഞ്ഞാർ സംസ്ഥാന പാതയിൽ ഭരണങ്ങാനത്ത് റോഡിന്റെ അശാസ്ത്രീയ നിർമ്മാണം മൂലം
അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ ഇവിടെ പൊലിഞ്ഞത് 13 മനുഷ്യ ജീവനുകളാണ്. പൂഞ്ഞാർ -ഏറ്റുമാനൂർ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-ഈരാറ്റുപേട്ട റോഡിലെ കുന്നേമുറിപ്പാലം മുതൽ അൽഫോൻസാ തീർത്ഥാടന കേന്ദ്രം വരെയുള്ള ഭാഗത്താണ് റോഡിന് വീതിയില്ലാത്തതുമൂലം അപകടങ്ങൾ തുടർക്കഥയാകുന്നത്.
കൃത്യമായ അലൈമെന്റ് നടക്കാത്തതാണ് അപകടങ്ങൾ കൂടുന്നതിന് കാരണമെന്ന് പറയപ്പെടുന്നു. ഹൈവേയുടെ സ്ഥലമേറ്റെടുപ്പു മുതൽ അപാകതയുണ്ടെന്നാണ് സ്ഥലത്തെ ജനപ്രതിനിധികൾ പറയുന്നത്. റോഡിന് ആവശ്യമായ സ്ഥലം എടുക്കാതെയാണ് റോഡ് നിർമ്മാണം തുടങ്ങിയതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ചെറിയ അപകടങ്ങളും ഇവിടെ പതിവാണ്. കാൽനടയാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. വീതി കുറഞ്ഞറോഡിൽ ഒരു വശത്ത് നടക്കാനുള്ള സൗകര്യം പോലുമില്ല. ടാറിംഗ് കഴിഞ്ഞാൽ പിന്നെയുള്ള ഭാഗത്ത് മൂടിയില്ലാത്തല്ലാത്ത ഓടയാണ് ഉള്ളത് മിനിട്ടുകൾ ഇടവിട്ട് വാഹനങ്ങൾ ചീറിപ്പായുന്ന ഈ ഭാഗത്തു കൂടി മരണ ഭയത്തോടെയാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്.
കെ.എസ്.ടി.പി.യുടെ ചുമതലയിലിരുന്ന റോഡിന്റെ ഇപ്പോഴത്തെ ചുമതല പൊതുമരാമത്ത് വിഭാഗത്തിനാണ്.