ഇന്ത്യയിലെ പ്രഥമ സാക്ഷരതാ നഗരമായ കോട്ടയത്തെ അഴിമതി നഗരമാക്കി മാറ്റുന്നതിന് സർക്കാർ ജീവനക്കാർ കൈക്കൂലി വാങ്ങി മത്സരിക്കുകയാണോ എന്നാണ് ചുറ്റുവട്ടത്തുള്ളവരുടെ സംശയം.

കോട്ടയം നഗരസഭയിലെ മൂന്ന് ജീവനക്കാർ കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലായപ്പോൾ ആർ.ടി.ഒ ഓഫീസിലെ എം.വി.ഐ വിജിലൻസിനെ കണ്ട് കാശ് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടെന്നായിരുന്നു ആരോപണം. എന്നാൽ ഫീസിനത്തിൽ കിട്ടിയ 840 രൂപ ബുക്കിൽ ചേർക്കാതിരുന്നതിനാൽ മാറ്റിയതാണെന്നും കൈക്കൂലിക്കാശല്ലെന്നുമാണ് മാന്യനായി അറിയപ്പെടുന്ന എം.വി.ഐയുടെ വിശദീകരണം. ജില്ലാ ആയുർവ്വേദാശുപത്രിയിലെ ഡോക്ടർ ശരീരം തിരുമി കൊടുക്കാൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് പിടിയിലായത് അടുത്ത ദിവസമായിരുന്നു. കണക്കിൽ പെടാത്ത നോട്ടുകെട്ടിനു പുറമേ സ്കോച്ചും നിരവധി ഐ ഫോണും തിരുമു ഡോക്ടറിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

കാര്യം സാധിക്കാൻ വൻ തുക കൈക്കൂലിയായി ചോദിച്ചു വാങ്ങാൻ ഉളുപ്പില്ലാത്ത ഉദ്യോഗസ്ഥർ വർദ്ധിക്കുന്നുവെന്നത് സമ്പൂർണസാക്ഷരതാ നഗരത്തിൽ താമസിക്കുന്നവർക്ക് നാണക്കേടാണ്. പുതിയ വിജിലൻസ് എസ്.പി പഴുതുകളില്ലാതെ റെയ്ഡിന് തയ്യാറായതോടെയാണ് പലരും പിടിയിലായത്. ഇനി കുറേ വമ്പൻ സ്രാവുകളെയും പിടിക്കണമെന്നാണ് ചിയേഴ്സ് വിളിക്കുന്ന നാട്ടുകാരുടെ അപേക്ഷ.

'കൈക്കൂലി കാര്യാലയം"

'കൈക്കൂലി കാര്യാലയമെന്നാണ് ' കോട്ടയം നഗരസഭയെ നാട്ടുകാർ പരിഹാാസത്തോടെ വിളിക്കുന്നത്. ആര് ഭരിച്ചാലും ഇതിന് മാറ്റം വരാറില്ല . അഴിമതിയിൽ മുങ്ങിക്കുളിച്ചതുപോലെ ഇത്രയും കൈക്കൂലി കേസുകൾ പണ്ടില്ലായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്ന് ഉദ്യോഗസ്ഥരെയാണ് നഗരസഭയിൽ നിന്ന് മാത്രം വിജിലൻസ് പിടി കൂടിയത്. കൈക്കൂലി തുക ഉദ്യോഗസ്ഥർ നേരേ പറയും . വിജിലൻസിനെ പേടിച്ച് നോട്ട്കെട്ട് കൈയിൽ വാങ്ങില്ല മേശയ്ക്കുള്ളിൽ ഇട്ടുകൊടുത്താൽ മതി. ഇതെല്ലാം സി.സി.ടി.വി ഒപ്പിയെടുക്കുന്നുണ്ടെന്ന ബോധം പോലുമില്ലാതെയാണ് കൈക്കൂലി കാശിനോട് മിക്ക ജീവനക്കാരും ആർത്തി കാട്ടുന്നത്. കോട്ടയം നഗരസഭാ കാര്യാലയത്തിനു പുറമേ കുമാരനല്ലൂർ , നാട്ടകം എന്നിവിടങ്ങളിൽ സോണൽ ഓഫീസുകളുണ്ട്. മൂന്നിടത്തും കൈക്കൂലിക്ക് ഒരു കുറവുമില്ല .വാങ്ങുന്നവർക്ക് ഒരു ഉളുപ്പുമില്ല. കുമാരനല്ലൂർ സോൺ ആയിരുന്നു ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിന് കൈക്കൂലി നിർബന്ധമാക്കി ശ്രദ്ധേയമായത്. രണ്ട് ജീവനക്കാരെ കൈക്കൂലി സഹിക്കാതെ സ്ഥലവും മാറ്റി. നാട്ടകം സോണൽ ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ പിടിയിലായി. സൂപ്രണ്ടിനെതിരെയും കേസെടുത്തു. ഇതിനു പിറകേയാണ് നഗരമദ്ധ്യത്തിലെ കാര്യാലയത്തിൽ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥ 2000രൂപയുമായി പിടിയിലായത്.

ഭരണകർത്താക്കൾ അഴിമതി കാണിക്കുന്നതിനാൽ ജീവനക്കാരിലും അഴിമതി പ്രവണത കൂടിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അഞ്ചു മണി കഴിഞ്ഞും ചില ഉന്നതർ ഓഫീസിൽ ഇരിക്കുന്നത് കൂട്ടുകച്ചവടത്തിന്റെ പങ്കു പറ്റാനാണെന്നു വരെ പ്രതിപക്ഷം ആരോപിക്കുന്നു.

ആര് ഭരിച്ചാലും അഴിമതി ഇല്ലാതാക്കാനാവില്ലെന്നാണ് ചെയർപേഴ്സന്റെ ന്യായം പറച്ചിൽ. പിന്നെ എന്തിനാണ് ഇങ്ങനെ ഉത്തരവാദപ്പെട്ട പോസ്റ്റുകളിൽ തുടരുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം. ഉദ്യോഗസ്ഥന്മാരെ അഴിമതിയുടെ പേരിൽ കുറ്റപ്പെടുത്താൻ പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷവുമുണ്ടെന്നതാണ് ശ്രദ്ധേയം. ഇരു പക്ഷവും പരസ്പരം കുറ്റപ്പെടുത്തൽ നടത്താതെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും പിടികൂടി പടിയടച്ചു പിണ‌്ഡം വെക്കാനും ഒന്നിച്ചു നിൽക്കണം. തലയിൽ തപ്പിനോക്കിയാൽ അഴിമതിയുടെ പൂടയില്ലാത്തവരായി മുഴുവൻ ജനപ്രതിനിധികളും മാറിയാലേ ഇത് സാദ്ധ്യമാകൂ. . അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിജിലൻസിനെക്കൊണ്ട് പിടിപ്പിക്കാൻ സഹികെട്ട് ജനങ്ങൾ കാണിക്കുന്ന തന്റേടം മുഴുവൻ ജനപ്രതിനിധികളും നട്ടെല്ലു വളയ്ക്കാതെ കാണിച്ചിരുന്നെങ്കിൽ കോട്ടയം ഇന്ത്യയിലെ ആദ്യ അഴിമതി രഹിത ജില്ലയെന്ന കീർത്തിനേടിയേനേ ..

പട്ടിയുടെ വാല് പന്തീരാണ്ടു കാലം കുഴലിലിട്ടാലും മാറ്റമുണ്ടാകില്ലെന്ന പഴഞ്ചൊല്ല് എത്ര ശരി. ജനപ്രതിനിധികൾ നന്നാകണമെന്ന് ഉപദേശിച്ചു കൂടുതൽ പറയണോ?...