കറുകച്ചാൽ: നിയന്ത്രണംവിട്ട കാർ റോഡിൽ നിന്നും വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു വെള്ളിയാഴ്ച്ച രാത്രി 11ന് എൻ.എസ്.എസ്-പാലമറ്റം റോഡിൽ ഉമ്പിടി ബാങ്കുപടിയിലായിരുന്നു അപകടം. ഉമ്പിടി താന്നിക്കുന്നേൽ സനീഷും സുഹൃത്തുക്കളും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. നാലു പേരാണ് കാറിലുണ്ടായിരുന്നത്. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് റോഡിലൂടെ മുപ്പത് മീറ്ററോളം തെന്നി 10 അടി താഴ്ച്ചയിൽ ലക്ഷ്മിഭവനിൽ സുരേഷ് ബാബുവിന്റെ വീട്ടുമുറ്റത്തേക്കാണ് മറിഞ്ഞത്. കാറിൽ അകപെട്ട ഇവരെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. കാർ പൂർണമായി തകർന്നെങ്കിലും ആർക്കും ഗുരുതര പരിക്കില്ല.