പെരുന്ന: വിദ്യാഭ്യാസ, ആരോഗ്യ, സേവന മേഖലയ്ക്ക് മുൻതൂക്കം നൽകുന്ന ബഡ്‌ജറ്റ് പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചു. 122.5 കോടി രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണിത്.
പെരുന്നയിൽ നിർമ്മാണം നടക്കുന്ന എൻ.എസ്.എസ് കൺവെൻഷൻ സെന്ററിന് അടക്കം മരാമത്ത് പണികൾക്ക് ജനറൽ വിഭാഗത്തിൽ 17.50 കോടി രൂപയും എയ്ഡഡ് കോളേജുകൾക്കും സ്കൂളുകൾക്കും പുതിയ കെട്ടിടനിർമ്മാണത്തിന് 2.81 കോടി രൂപയും നീക്കിവച്ചു. പന്തളം എൻ.എസ്.എസ് ആശുപത്രിയിൽ പുതിയ രക്തബാങ്ക് യൂണിറ്റ്, ലാപ്രോസ്കോപ്പ് എന്നിവയ്ക്ക് 40 ലക്ഷവും കൃഷി സംരക്ഷണത്തിന് 4.82 കോടിയും ചെലവാക്കും. ഒരു കോടി മുടക്കി ആറ്റിങ്ങലും പാലക്കാട്ടും പുതിയ വർക്കിംഗ് വിമെൻസ് ഹോസ്റ്റലുകൾ നിർമ്മിക്കും. കൊട്ടാരക്കരയിൽ പത്മ കഫെയുടെ പുതിയ യൂണിറ്റ് ആരംഭിക്കും. സംയോജിത മുട്ടഗ്രാമം പദ്ധതി 40 താലൂക്ക് യൂണിയനുകളിലേക്ക് വ്യാപിപ്പിക്കും. ആടു വളർത്തൽ യുണിറ്റ് ആരംഭിക്കാനുള്ള പദ്ധതി 10 താലൂക്കുകളിൽ നടപ്പാക്കും. 5000 സ്വയം തൊഴിൽ സംരഭകത്വ ഗ്രൂപ്പുകൾ സ്ഥാപിച്ച് 30,000 അംഗങ്ങൾക്ക് സുസ്ഥിര വരുമാനം ലഭിക്കുന്ന സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കും. പരിസ്ഥിതി, ജലസംരക്ഷണം എന്നിവയ്ക്ക് പ്രാമുഖ്യം നൽകി വിവിധ പദ്ധതികൾ നടപ്പാക്കാനും ബഡ്ജറ്റ് ശുപാർശ ചെയ്യുന്നു. പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.
മറ്റ് പദ്ധതികൾ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായാംഗങ്ങൾക്ക്
ഭവന നിർമ്മാണം, വിദ്യാഭ്യാസ വായ്പ : 2 കോടി
2020 ലെ മന്നം ജയന്തി ആഘോഷത്തിന് : 75 ലക്ഷം
കരയോഗതലത്തിലെ ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങൾക്ക് : 55 ലക്ഷം
ശ്രീപത്മനാഭ തന്ത്ര വിദ്യാപീഠത്തിന്റെ പ്രവർത്തനങ്ങൾക്ക് : 15 ലക്ഷം
പുതിയ വാഹനങ്ങൾ വാങ്ങാൻ : 40 ലക്ഷം
ആംബുലൻസ് വാങ്ങാൻ പെരുന്ന ആശുപത്രിക്ക് : 15 ലക്ഷം
കറുകച്ചാൽ ആശുപത്രിയിൽ എക്സ്‌റേ ഡിജിറ്റലൈസേഷൻ : 9 ലക്ഷം