കോട്ടയം : അനധികൃത നിയമനവും, അഴിമതിയും കോട്ടയം മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ കാൻസറില്ലാത്തയാൾക്ക് കീമോതെറാപ്പി ചികിത്സ നടത്തിയവർക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജിൽ ഉന്നതപദവിയിൽ, യോഗ്യതയുള്ളവരെ ഒഴിവാക്കി സി.പി.എം നേതൃത്വം നടത്തിയ ബന്ധു നിയമനമാണ് എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാനം. ചികിത്സ നിഷേധിച്ചത് മൂലം രോഗി മരിക്കാനിടയായ സംഭവം മാപ്പർഹിക്കുന്നതല്ല.
സർക്കാർ ആശുപ്രതികളിൽ പകൽക്കൊള്ളയാണ് നടക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹത്തിൽ നിന്ന് മാല മോഷ്ടിച്ച വാർത്ത സാക്ഷരകേരളത്തിനു അപമാനമാണ്. കോട്ടയം ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ചികിത്സയ്ക്കിടെ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായി. ന്യൂമോണിയ, മസ്തിഷ്‌കജ്വരം തുടങ്ങിയ രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ എത്തിച്ച ആന്റിബയോട്ടിക്കിൽ കുപ്പിച്ചില്ല് കണ്ടതായ വാർത്ത ഇന്ന് പുറത്ത് വന്നിരിക്കുന്നു. ഓരോ ദിവസവും പുറത്തു വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ലതികാ സുഭാഷ്, കുര്യൻ ജോയി, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, പി.എ.സലിം, പി.എസ്.രഘുറാം, ജോസി സെബാസ്റ്റ്യൻ, സണ്ണി പാമ്പാടി, പി.ജെ.വർക്കി, അഡ്വ.ജി.ഗോപകുമാർ, എ.കെ.ചന്ദ്രമോഹൻ, മോഹൻ കെ.നായർ, ബിജു പുന്നത്താനം, ജോമോൻ ഐക്കര എന്നിവർ പ്രസംഗിച്ചു.