വണ്ടിപ്പെരിയാർ: പ്ലാസ്റ്റിക് നിരോധനം പ്റഖ്യാപനത്തിൽ മാത്രമൊതുക്കി വണ്ടിപ്പെരിയാർ പഞ്ചായത്ത്. വ്യാപാരികളുടെ സഹായത്തോടെ സമ്പൂർണമായി പ്ലാസ്റ്റിക് നിരോധിത പഞ്ചായത്തായി പ്രഖ്യാപനം നടത്തിയിട്ടും മാംസ വ്യാപാര സ്ഥാപനങ്ങളിലും വഴിയോര കച്ചവടക്കാരും വ്യാപകമായി പ്ലാസ്റ്റിക് കവറുകളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ നവംബർ ഒന്ന് മുതലാണ് പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിൽപ്പന നടത്തരുതെന്ന് പഞ്ചായത്ത് നിർദേശം നൽകിയത്. എന്നാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാവുന്നില്ലെന്ന ആരോപണവും ശക്തമാണ്. പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരമായി തുണി സഞ്ചികളും പേപ്പർ കവറുകളും മാത്രമേ വ്യാപാരികൾ ഉപഭോക്താക്കൾക്ക് നൽകാൻ പാടുള്ളുവെന്നാണ് പഞ്ചായത്ത് നിർദേശം. ഇതിനു പുറമെ വീടുകളിൽ ഉണ്ടാവുന്ന ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിച്ച് ജൈവ വളമാക്കുന്നതിന്നതിനായി ഓരോ വാർഡിലും ഹരിത കർമ്മ സേനയെ രൂപീകരിച്ചിരുന്നു. പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിൽ നിന്നും വ്യാപാര സ്ഥാപങ്ങളിൽ നിന്നും സർവീസ് ചാർജ് ഈടാക്കി അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനകൾ വഴി സ്വീകരിക്കാനായിരുന്നു പദ്ധതി. ഇതിനായി ഓരോ കുടുംബങ്ങളും 30 രൂപ വീതവും വ്യാപാര സ്ഥാപങ്ങൾ പഞ്ചായത്ത് നിശ്ചയിക്കുന്ന തുകയും തീരുമാനിച്ചിരുന്നു. എന്നാൽ വീടുകളിൽ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അധികൃതർ നീക്കം ചെയ്യുന്നില്ലെന്ന ആരോപണവും ശക്തമാണ്. മാലിന്യങ്ങൾ അലക്ഷ്യമായി പൊതു നിരത്തിലേക്ക് വലിച്ചെറിയുന്നതും ജലാശങ്ങളിൽ നിക്ഷേപിക്കുന്നതും ശിക്ഷാർഹമാണെന്ന സംസ്ഥാന സർക്കാർ ഉത്തരവ് വന്നതോടെയാണ് മാലിന്യ രഹിതമായ പഞ്ചായത്താക്കി മാറ്റാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ അധികൃതർ തീരുമാനിച്ചത്.
മാലിന്യം തള്ളുന്നത് വനത്തിൽ
നിലവിൽ പഞ്ചായത്ത് വിവിധ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ 14 കിലോമീറ്റർ ദൂരമുള്ള പെരിയാർ കടുവാ സങ്കേതത്തിനോട് ചേർന്ന വനമേഖലയായ സത്രത്തിലെ മൊട്ട കുന്നുകൾക്ക് സമീപമാണ് നിക്ഷേപിക്കുന്നത്. സത്രത്തിലെ റവന്യൂ ഭൂമിക്ക് സമീപത്തുള്ള മൂന്ന് ഏക്കറോളം സ്ഥലമാണ് ഇതിനായി വിനിയോഗിക്കുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാരകമായ പാഴ്‌വസ്തുക്കളുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷപിക്കുന്നത്. പ്രദേശത്തെ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിന് തന്നെ ഇത് ഭീഷണിയാണ്.
''വ്യാപാരികളുടെ സഹായത്തോടെ പ്ലാസ്റ്റിക് കവറുകളുടെ വിൽപ്പന പൂർണമായും നിരോധിച്ചതാണ്. വഴിയോര കച്ചവടക്കാരുടെ പക്കലും മാംസ വ്യാപാരികളുടെ പക്കലും പ്ലാസ്റ്റിക് കവറുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും."
- സെക്രട്ടറി, വണ്ടിപ്പെരിയാർപഞ്ചായത്ത്