ചങ്ങനാശേരി: ലഹരി വിമുക്ത ചങ്ങനാശേരി പദ്ധതിയുടെ ഭാഗമായി മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പരിപാടികൾ നടപ്പിലാക്കാനായി ചേർന്ന കോളജ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ ഹൈസ്‌കൂൾ എച്ച്.എംമാർ എന്നിവരുടെ സംയുക്തയോഗം പദ്ധതിയുടെ രക്ഷാധികാരി കത്തീഡ്രൽ വികാരി ഫാ. കുര്യൻ പുത്തൻപുര ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ വി.ജെ.ലാലി മോഡറേറ്ററായി. ഫാ. ഫിലിപ്പ് നെൽപുരപറമ്പിൽ വിഷയാവതരണം നടത്തി. ആത്മതാകേന്ദ്രം ഡയറക്ടർ ഫാ. ജോസ് പുത്തൻചിറ, അസംപ്ഷൻ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. തോമസ് പാറത്തറ, തോമസുകുട്ടി മണകുന്നേൽ, ജിജി പേരകശ്ശേരി, കെ.പി.മാത്യു, ഫാ. സോണി പള്ളിച്ചിറയിൽ, വിവിധ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽമാർ പങ്കെടുത്തു. ലഹരി വിമുക്ത ചങ്ങനാശേരി പദ്ധതിയുടെ രണ്ടാംഘട്ട പഠന ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ 26ന് നടക്കുമെന്ന് കൺവീനർ വി.ജെ.ലാലി അറിയിച്ചു.