കോട്ടയം: നഗരം മാലിന്യക്കൂമ്പാരമാക്കാൻ ഇറങ്ങിത്തിരിച്ചവർ ഇനി അൽപമല്ല, ശരിക്കും കരുതിയിരിക്കണം! അത്തരക്കാരെ പിടികൂടാനായി നാളെ മുതൽ നിരീക്ഷണസ്ക്വാഡുകൾ കളത്തിലിറങ്ങും. ഒന്നോ, രണ്ടോ മണിക്കൂറല്ല 24 മണിക്കൂറും അവർ നഗരത്തിലുണ്ടാകും. പിടിക്കപ്പെട്ടാലോ....പിന്നെ 'നോ എസ്ക്യൂസ്'. 6 മാസം മുതൽ 6 വർഷം വരെ തടവും, 5000 മുതൽ 5 ലക്ഷംരൂപവരെ പിഴശിക്ഷയും ലഭിക്കാവുന്ന വിവിധ വകുപ്പുകൾപ്രകാരം പ്രോസിക്യൂഷന് വിധേയരാക്കും. പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് നഗരസഭയുടെ ആറ് സോണൽ ഓഫീസുകളിലേയും ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ഭരണസമിതി സ്വതന്ത്രാനുമതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവിടങ്ങളിലേക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനും ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് അനുമതിയുണ്ട്.കച്ചവട സ്ഥാപനങ്ങൾ, ആഡിറ്റോറിയങ്ങൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള ഖരദ്രവ്യ മാലിന്യസംസ്കരണ സംവിധാനങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനും എച്ച്.ഐ മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 15 ദിവസത്തിനകം ഈ പ്രവർത്തികൾ പൂർത്തിയാക്കും. സ്ക്വാഡിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നോ...എസ്ക്യൂസ്..! . മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി രാത്രികാല സ്ക്വാഡിന്റെ പ്രവർത്തനം ഈ വർഷം നവംബർ വരെ ഊർജിതമായി നടപ്പിലാക്കാനും നഗരസഭ തീരുമാനിച്ചു.
മാലിന്യ സംസ്‌കരണത്തിന് ഊർജ്ജിത പ്രവർത്തനങ്ങൾ
മാലിന്യ സംസ്‌കരണത്തിന് ഉർജ്ജിതമായ നടപടികൾക്ക് നഗരസഭ തുടക്കം കുറിച്ചു. നാഗമ്പടം ഇന്ദിരഗാന്ധി മൈതാനത്ത് 30 ചേന്പർ അടങ്ങുന്ന എയ്റോബിക് കംമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനം ഇന്നലെ ആരംഭിച്ചു. നഗരസഭാ പരിധിയിൽ ഉറവിട മാലിന്യസംസ്കരണത്തിന് സ്ഥിരം സംവിധാനങ്ങൾ ഒരുക്കുന്നതിന് സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി 9.42 കോടിരൂപയുടെ ബഹുവർഷ പദ്ധതിക്കും അനുമതി ലഭിച്ചിട്ടുണ്ട്.
മാലിന്യനിക്ഷേപകർ നേരിടേണ്ട വകുപ്പുകളിൽ ചിലത്
1994 ലെ കേരള മുനിസിപ്പൽ ആക്ട് സെക്ഷൻ 334 (എ), 334(1, 2), 340(ബി), 447, 448.
കേരള മുനിസിപ്പൽ കെട്ടിട നിർമ്മാണചട്ടം: 54 (6), 59 (7), 159.
2016ലെ ഖരമാലിന്യ പരിപാലന നിയമം - ചട്ടം 4 (1), 4 (5,7,8)
1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം വകുപ്പ് 15
1974 ലെ കേരളജലസേചന സംരക്ഷണനിയമം വകുപ്പ് 70(3), 72 (സി)
ജലമലിനീകരണനിയമം - 24, 25, 26സ 43, 44, 45
2006 ലെ ഭക്ഷ്യസുരക്ഷാ നിയമം 56,58,63,64
ഇന്ത്യൻ ശിക്ഷാനിയമം 278, 269
2010 ലെ ഇന്ത്യൻ പൊലീസ് ആക്ട് 120(ഇ).