udayanapuram-road

ഉദയനാപുരം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 7, 8, 10 വാർഡുകളിൽ പെടുന്ന നൂറ് കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പടിഞ്ഞാറെക്കര പി. എച്ച്. സി പുത്തൻപാലം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം ശക്തമായി. നൂറ് കണക്കിന് കാൽനടയാത്രക്കാരും നിരവധി സ്‌കൂൾ വാഹനങ്ങളും നിത്യേന കടന്ന് പോകുന്ന റോഡിൽ ഒരു കിലോമീറ്ററോളം ഭാഗം കുണ്ടും കുഴിയുമായതോടെ നിലവിൽ കാൽനട യാത്ര പോലും അസാദ്ധ്യമാണ്. വർഷങ്ങളായി ടാറിംഗ് ഇളകി തകർന്ന് കിടന്ന റോഡിൽ മാസങ്ങൾക്ക് മുൻപ് സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചതോടെയാണ് പ്രദേശവാസികളുടെ യാത്ര കൂടുതൽ ദുരിതപൂർണമായത്. റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ട് ചെളിക്കുളമായതോടെ പി.എച്ച്‌.സി.യിലേക്ക് നിത്യേന വന്ന് പോകുന്ന നൂറ്കണക്കിന് രോഗികളാണ് വലയുന്നത്. ഹെൽത്ത് സെന്ററിലേക്ക് ഓട്ടം വിളിച്ചാൽ പോകാൻ വാഹന ഉടമകൾ മടിക്കുന്നതാണ് കാരണം. വൻ കുഴികളിൽ പതിഞ്ഞ് വാഹനങ്ങൾ അപകടത്തിൽ പെടുന്നതും തകരാർ സംഭവിക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം സ്‌കൂൾ കുട്ടികളുമായി പോയ വാൻ കുഴിയിൽ പൂണ്ട് പോകുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്നാണ് ഉയർത്തി മാറ്റിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 16 ഓളം അപകടങ്ങളാണ് ഇവിടെ നടന്നത്. റോഡിലെ വൻകുഴികളിൽ ചാടി ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽ പെടുന്നത്. അദ്ധ്യായന വർഷം ആരംഭിച്ചതോടെ റോഡിലൂടെ നടന്ന് പോകുന്ന സ്‌കൂൾ കുട്ടികളുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് പതിവായതോടെ വിദ്യാർത്ഥികൾ ചെളി നിറഞ്ഞ ഭാഗം പിന്നിട്ട ശേഷമാണ് കയ്യിൽ കരുതിയ യൂണിഫോം ധരിച്ച് സ്‌കൂളിൽ പോകുന്നതും വരുന്നതും. റോഡിലെ കുഴികൾ അടച്ച് അറ്റകുറ്റപ്പണികൾ എങ്കിലും നടത്തിയാൽ റോഡിന്റെ ശോച്യാവസ്ഥക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെങ്കിലും പഞ്ചായത്ത് ഉൾപ്പടെയുള്ള അധികൃതർ ഇത് കണ്ടില്ലെന്ന മട്ടിലാണ്. റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ ആവിക്ഷക്കരിക്കുവാനുള്ള നീക്കത്തിലാണ് പ്രദേശവാസികളും വിവിധ സംഘടനകളും.

മൂന്ന് വർഡുകളിലെ നൂറ് കണക്കിന് കുടുംബങ്ങളും ഹെൽത്ത് സെന്ററിലേക്ക് വിവിധ ഇടങ്ങളിൽ നിന്നും എത്തുന്ന രോഗികളും ആശ്രയിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം

എസ്.എൻ.ഡി.പി യോഗം 127ാം നമ്പർ പടിഞ്ഞാറെക്കര ശാഖയിലെ യൂത്ത് മൂവ്‌മെന്റ് കമ്മറ്റി .

അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കും

പടിഞ്ഞാറെക്കര നവോദയ പുരുഷ സ്വയം സഹായ സംഘം ഭാരവാഹികൾ പറഞ്ഞു.

കാൽനടപോലും അസാദ്ധ്യം

വർഷങ്ങളായി ടാറിംങ് ഇളകി കിടക്കുന്നു

കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഫാപിക്കാൻ റോഡ് വെട്ടിപൊളിച്ചു

3 മാസത്തിനിടെ 16 അപകടം