അടിമാലി: കഴിഞ്ഞ കാലവർഷത്തിൽ തകർന്ന വെള്ളത്തൂവൽ ഗവ. ഹയർസെക്കന്ററി സ്‌കൂൾ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി പുനർനിർമ്മാണം വൈകുന്നു.കഴിഞ്ഞ പ്രളയത്തിൽ വെള്ളത്തൂവൽ മേഖലയിൽ ഉണ്ടായ വ്യാപക മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായിരുന്നു സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ കെട്ടിടത്തനോട് ചേർന്നുള്ള സയൻസ് ലാബിന്റെ മുറ്റവും ഇടിഞ്ഞ് പോയത്.മണ്ണിടിച്ചിലിനെ തുടർന്ന് കെട്ടിടത്തിന് സമീപം വലിയ കൊക്ക രൂപപ്പെടുകയും കെട്ടിടം അപകട ഭീഷണിയിലാകുകയും ചെയ്തു.ഇടിഞ്ഞെത്തിയ കല്ലും മണ്ണും സ്‌കൂളിന്റെ ബാസ്‌ക്കറ്റ് ബോൾ കോർട്ടും തകർത്തു. എന്നാൽ ഇതുവരെ തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കാനോ സ്‌കൂൾ കെട്ടിടത്തിന് സുരക്ഷ ഉറപ്പുവരുത്താനോ നടപടി കൈകൊണ്ടിട്ടില്ല.