പാലാ: പാലാ നഗരത്തിൽ മീനച്ചിലാറിന്റെ തീരം വഴിയുള്ള റിവർവ്യൂ റോഡിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായുള്ള കോൺക്രീറ്റ് ജോലികൾക്ക് തുടക്കം. 33 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഒരു കിലോമീറ്റർ പാലത്തിനായുള്ള പൈൽ ക്യാപ്പിന്റെ കോൺക്രീറ്റിംഗാണ് ആരംഭിച്ചത്. 147 കോൺക്രീറ്റ് പൈലുകളാണ് പാലത്തിനായി സ്ഥാപിച്ചിരിക്കുന്നത്. ഈ പൈൽ ക്യാപ്പ് പ്രഥമ ബഡിന്റെ നിർമാണമാണ് ജനപ്രതിനിധികളെ കൂടി സാക്ഷി നിർത്തി ആരംഭിച്ചത്. 2020 ആഗസ്റ്റിൽ റിവർവൂ റോഡിനായുള്ള ഒരു കി.മീ പാലം നിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. നിർമ്മാണം വിലയിരുത്താൻ എത്തിയ ജോസ് കെ.മാണി എം.പി. കാര്യക്ഷമവും ഉയർന്ന ഗുണനിലവാരവും ഉറപ്പു വരുത്തിയുള്ള നിർമാണത്തിന് കർശന പരിശോധനയും നീരിക്ഷണവും ജാഗ്രതയും ഉണ്ടായിരിക്കണമെന്ന് എൻജിനീയർമാർക്ക് നിർദ്ദേശം നൽകി. നഗരസഭാദ്ധ്യക്ഷ ബിജി ജോജോ, പ്രൊഫ.സതീശ് ചൊള്ളാനി, തോമസ് ആന്റ്ണി, ബൈജു കൊല്ലംപറമ്പിൽ, ജയ്‌സൺ മാന്തോട്ടം എന്നിവരും ജോസ് കെ. മാണിക്ക് ഒപ്പമുണ്ടായിരുന്നു.
മീനച്ചിലാറിന്റെ തീരത്തുകൂടി പാലാ ഗവൺമെന്റ് ആശുപത്രി ജംഗ്ഷനിൽ നിന്നും കൊട്ടാരമറ്റം വരെയുള്ള ഒരു കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിലാണ് റിവർവ്യൂ റോഡ് രണ്ടാംഘട്ടം പൂർത്തിയാകുന്നത്. റോഡിന്റെ വശത്തായി ഇരുമ്പ് ലിവറുകളിൽ ബന്ധിപ്പിച്ച നടപ്പാതയും ഇതോടൊപ്പം പൂർത്തിയാകും. 153 പൈലുകളിലായി പ്രീ സ്ട്രസ്ഡ് സ്ലാബ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ റിവർവ്യൂ റോഡ് പാലം ഒരുങ്ങുന്നത്. 12 മീറ്റർ വീതിയിലുള്ള പാലത്തിൽ 2 മീറ്റർ വീതിയിൽ വാക് വേ ഉണ്ടായിരിക്കും. ഇതിന്റെ പ്രവേശന കവാടമായ കൊട്ടാരമറ്റത്ത് 100 അടി ഹെൽത്ത് വാക്ക് വേ ഉണ്ടായിരിക്കും. 47.5 കോടി രൂപാ മുതൽമുടക്കിയാണ് നിർമ്മാണം. മൂവാറ്റുപുഴ അക്ഷയ കൺസ്ട്രക്ഷനും ഇ.കെ.കെ.യും ചേർന്നാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് വർഷമാണ് നിർമ്മാണ പൂർത്തീകരണത്തിന് ഉദ്ദേശിക്കുന്നത്. ധനകാര്യമന്ത്രി ആയിരുന്ന കെ.എം. മാണി എം.എൽ.എ. 2013ലെ ബ‌ഡ്ജറ്റിൽ റിവർവ്യൂ റോഡ് എക്സ്റ്റൻഷന് 10 കോടി രൂപയാണ് അഡ്വാൻസ് ആയി നീക്കിവച്ചത്. 2014ൽ 12 ഭൂവുടമകൾക്ക് 14 കോടി നൽകി. റവന്യു ഡിപ്പാർട്ടുമെന്റ് ഭൂമി ഏറ്റെടുത്ത് 2015ൽ പി.ഡബ്ല്യു.ഡി.ക്ക് കൈമാറിയിരുന്നു.