roy-jos

പെരുമ്പാവൂർ : വിദേശ ജോലി വാഗ്ദാനം ചെയ്ത് വൻതുക തട്ടിയെടുത്ത കേസിലെ പ്രതിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാലാ സ്വദേശി റോയി ജോസിനെ (40) ആണ് ഏറ്റുമാനൂരിലെ വാടകവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ എളമ്പകപ്പിള്ളി തൊടാപ്പറമ്പ് സൗപർണിക വീട്ടിൽ അഖിൽ അജയകുമാർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പൊലീസ് പറയുന്നത് : പരാതിക്കാരന്റെ സുഹൃത്തുക്കളടക്കം 32 പേരിൽ നിന്ന് ഇയാൾ ആറരലക്ഷം രൂപ വീതം വാങ്ങിയിട്ടുണ്ട്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികളിൽ ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. ഡൽഹി ബദർപൂരിലുള്ള ഇയാളുടെ ട്രാവൽ ഏജൻസിയുടെ മറവിലായിരുന്നു തട്ടിപ്പ് . ഒരു കൈയ്ക്ക് സ്വാധീനക്കുറവുള്ള പ്രതി ഭാര്യയും മക്കളും സഹിതമെത്തിയാണ് ഉദ്യോഗാർത്ഥികളെ വലയിൽ വീഴ്ത്തുന്നത്. കാസർകോട് അടക്കം 4 സ്ഥലങ്ങളിൽ പ്രതിക്കെതിരെ സമാന സ്വഭാവത്തിലുള്ള പരാതിയുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.