പെരുമ്പാവൂർ: മോഷ്ടിച്ച ഇരുചക്ര വാഹനം വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മടക്കത്താനം മഞ്ഞള്ളൂർ സ്വദേശി ലിബിൻ ബെന്നിയാണ് (30)പിടിയിലായത്. ഇന്നലെ രാവിലെ 9ന് പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ബൈക്ക് കടയിൽ വാഹനം വിൽക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി കടയുടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. 40,000 രൂപ മാർക്കറ്റ് വിലയുള്ള വാഹനം 20,000 രൂപയ്ക്ക് വില്പന നടത്താൻ ശ്രമിച്ചതാണ് സംശയത്തിനിടയാക്കിയത്. കോലഞ്ചേരിയിൽ നിന്ന് ഇന്നലെ മോഷ്ടിച്ച വാഹനമാണ് വിൽക്കാൻ ശ്രമിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.