പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരെ ഈ വർഷവും എൻ.എസ്.എസ്. ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുത്തു. ഇന്നലെ പെരുന്നയിൽ എൻ.എസ്.എസ്. ആസ്ഥാനത്ത് നടന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് കേരളത്തിലെ മറ്റ് 8 യൂണിയനുകളിലെ നേതാക്കൾക്കൊപ്പം സി.പി. ചന്ദ്രൻ നായരെയും ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുത്തത്.
കഴിഞ്ഞ 8 വർഷമായി ഈ പദവിയിൽ തുടരുന്ന ചന്ദ്രൻ നായർ കഴിഞ്ഞ ഒരു പതിറ്റാണ്ടായി മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റായി തുടർച്ചയായി പ്രവർത്തിക്കുകയാണ്. ദീർഘകാലം പാലാ നഗരസഭാ കൗൺസിലറും വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷനുമായി പ്രവർത്തിച്ചിട്ടുണ്ട്.
പാലാ തെക്കേക്കര ചൊള്ളാനിക്കൽ കുടുംബാംഗമാണ്. ഭാര്യ രാധാമണി. ലത, സ്മിത, രശ്മി എന്നിവർ മക്കളും സാജു, മനോജ്, സനോജ് എന്നിവർ മരുമക്കളുമാണ്.
സി.പി. ചന്ദ്രൻ നായരെ ജോസ്.കെ. മാണി എം.പി, പി.സി. ജോർജ് എം.എൽ.എ, പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ, എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ, അഡ്വ. ബിനു പുളിക്കക്കണ്ടം, മാണി.സി. കാപ്പൻ, അഡ്വ. രാജേഷ് പല്ലാട്ട്, മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പയനാൽ ഷാജികുമാർ, സെക്രട്ടറി ഉഴവൂർ വി.കെ. രഘുനാഥൻ നായർ തുടങ്ങിയവർ അഭിനന്ദിച്ചു.
30ന് രാവിലെ 10ന് ചേരുന്ന മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ബഡ്ജറ്റവതരണ യോഗത്തിൽ യൂണിയൻ ഭരണ സമിതിയുടെ നേതൃത്വത്തിൽ സി.പി. ചന്ദ്രൻ നായർക്ക് സ്വീകരണം നൽകുമെന്ന് വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാർ അറിയിച്ചു.