parking

കുറവിലങ്ങാട് : താരതമ്യേന വീതി കുറഞ്ഞ റോഡ് , ഇതിനിടയിൽ തോന്നുംപടിയുള്ള വാഹനപാർക്കിംഗ് കൂടിയായതോടെ കടപ്ലാമറ്റം വീർപ്പുമുട്ടുകയാണ്. സദാസമയവും കുരുക്ക്. ഇതിനിടയിൽ റോഡൊന്ന് കുറുകെ കടക്കണേൽ പെടാപ്പാടാണ്. പ്രായമായവരും കുട്ടികളുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾക്കിടയിലൂടെ മറുകരയെത്തുന്നത് ഭീതിയോടെയാണ്. കിടങ്ങൂർ, പാലാ, മരങ്ങാട്ടുപള്ളി, കുറവിലങ്ങാട്, കോട്ടയം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന ജംഗ്ഷനാണിത്. ടോറസുകളടക്കം അമിതവേഗതയിലാണ് ഇതുവഴി കടന്നു പോകുന്നത്. അദ്ധ്യയന വർഷം ആരംഭിച്ചതോടെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. കാൽനടയാത്രക്കാർക്കായി വിവിധയിടങ്ങളിൽ നടപ്പാതയില്ലാത്തതിനാൽ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. പാർക്കിംഗിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്ന് ഏറെനാളായുള്ള ആവശ്യമാണ്. വാഹനങ്ങൾ ഇടിച്ച് സൂചനാബോർഡുകൾ ഭൂരിഭാഗവും തകർന്നതും വാഹനയാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഗതാഗത നിയന്ത്രണത്തിനായി പൊലീസിന്റെ സേവനവും ജംഗ്ഷനിൽ ഇല്ല.

വിവിധ ഓഫീസുകൾ

പഞ്ചായത്ത്

വില്ലേജ് ഓഫീസ്

ഗവ.ആശുപത്രി

സ്കൂൾ

ജലനിധി ഓഫീസ്

''

അലക്ഷ്യമായ വാഹനപാർക്കിംഗിനെതിരെ പഞ്ചായത്ത് നടപടിയെക്കണം. രാവിലെയും വൈകിട്ടും ഗതാഗതനിയന്ത്രണത്തിന് പൊലീസിന്റെ സേവനം ലഭ്യമാക്കണം. കുട്ടികളടക്കം ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.

വ്യാപാരി