ഏറ്റുമാനൂർ: പരാധീനതകളുടെ നടുവിലായിരുന്ന ഏറ്റുമാനൂർ ഗവ. ബോയ്സ് സ്കൂളിന് ഒടുവിൽ ശാപമോക്ഷം. ശോചനീയാവസ്ഥയിലായിരുന്ന ഈ സ്കൂൾ സംരക്ഷിക്കാൻ ഒടുവിൽ അധികൃതർ തീരുമാനിച്ചു. സ്കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് 3ന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി ജില്ലാകളക്ടറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് നഗരസഭ, മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എസ്.എസ്.കെ, ബി.ആർ.സി, ഡയറ്റ്, വ്യാപാരി വ്യവസായി സംഘടന എന്നിവയുടെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെ 20ന് ചേർന്ന യോഗത്തിലാണ് . കാലപ്പഴക്കത്താൽ തകർച്ചയെ അഭിമുഖീകരിച്ച സ്കൂളിനെ ഉന്നതനിലവാരത്തിലെത്തിക്കാൻ തീരുമാനമായത്. സ്കൂളിന്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും നഗരത്തിന് അഭിമാനമായി ഒരു നൂറ്റാണ്ടിലേറെയായി നിലകൊള്ളുന്ന സ്കൂൾ നിലനിറുത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നും യോഗം വിലയിരുത്തി. എന്നാൽ ഇത്രയും പരാധീനതകൾക്കിടയിലും മികച്ച വിജയം നേടുന്ന സ്കൂളിനെ യോഗം അഭിനന്ദിച്ചു. ഹൈസ്കൂൾ, വി.എച്ച്.എസ്.സി, ഹയർ സെക്കൻഡറി തുടങ്ങി വിവിധ വിഭാഗങ്ങളിലായി പഠിക്കുന്ന നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തണമെന്നും യോഗം തീരുമാനിച്ചു. കൂടാതെ, രാത്രിയിലും മറ്റും സ്കൂളും പരിസരവും സാമൂഹ്യവിരുദ്ധർ കൈയ്യടക്കിയിരിക്കുന്ന സാഹചര്യത്തിൽ ഇതിന് അറുതി വരുത്താനായി പൊലീസ് സഹായം ആവശ്യപ്പെടാനും ബയോമെട്രിക് സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്. ഏറ്റുമാനൂർ നഗരസഭയുടെ നേതൃത്വത്തിൽ സ്കൂൾ വികസനത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനമായതായി പ്രിൻസിപ്പൽ രാധാമണി അറിയിച്ചു.