പാമ്പാടി : സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് ഒൻപതു പേർക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് പാമ്പാടിയിൽ നിന്നും മീനടം വഴി കോട്ടയത്തെ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് കാഞ്ഞിരക്കാട് ഗുരുദേവ ക്ഷേത്രത്തിനു സമീപം അപകടത്തിൽ പെട്ടത്. ജീപ്പ് ഓടിച്ചിരുന്ന ഷാപ്പുടമ രാജുവിന്റെ (58) കാലിനു ഗുരുതരമായ പരിക്കേറ്റു. ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. യാത്രക്കാരായ മീനടം ചക്കാലക്കുഴി എബ്രഹാം (52), മീനടം സ്വദേശിനി ക്ലാര (30), പാമ്പാടി സ്വദേശിനികൾ സുജാത (48), രോഹിണി (54),പുതുപ്പള്ളി സ്വദേശിനികളായ ശ്രീലത (51),ഗീതു (24), വാകത്താനം സ്വദേശി സുനി( 24) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പാമ്പാടി താലൂക് ആശുപത്രിയിൽ എത്തിച്ചു. ഇലകൊടിഞ്ഞി ഭാഗത്തേക്ക് വന്ന ജീപ്പ് നിയന്ത്രണം വിട്ടു ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പാമ്പാടി പൊലീസ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്