തലയോലപ്പറമ്പ്: മദ്രസയിൽ പഠിക്കാനെത്തിയ 8 വയസ്സ് കാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് പിടികൂടി റിമാന്റിലായ അദ്ധ്യാപകനെതിരെ കൂടുതൽ പരാതിയുമായി കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തി. പാലാംകടവ് മണകുന്നം മദ്രസയിലെ പ്രധാന അദ്ധ്യാപകൻ ആലുവ കടുങ്ങല്ലൂർ മൂപ്പത്തടം ആട്ടച്ചിറയിൽ വി.എം യൂസഫ് (63) നെതിരെയാണ് ഇന്നലെ രണ്ട് പെൺകുട്ടികളുടെ രക്ഷിതാക്കൾ കൂടി പൊലീസിൽ പരാതി നൽകിയത്. പോസ്‌കോ പ്രകാരം ഇയാൾക്കെതിരെ ഇന്നലെ രണ്ട് കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഇയാൾക്കെതിരെയുള്ള കേസുകളുടെ എണ്ണം അഞ്ചായി. മദ്രസയിൽ പഠനത്തിനായി എത്തിയിരുന്ന 8 വയസുള്ള കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചിരുന്നതായി രക്ഷിതാക്കൾ പള്ളിക്കമ്മിറ്റിക്ക് പരാതി നൽകിയതിനെ തുടർന്ന് മഹല്ല് കമ്മിറ്റി ഇയാളെ ജോലിയിൽ നിന്നുംമാറ്റുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.സംഭവത്തിന് ശേഷം മുങ്ങി നടന്ന ഇയാളെ തലയോലപ്പറമ്പ് എസ്. എച്ച്. ഒ. ക്ലീറ്റസ്.കെ. ജോസഫിന്റെ നേതൃത്വത്തിലുള്ള തലയോലപ്പറമ്പ് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കൊടുങ്ങല്ലൂരിൽ നിന്നും പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ഇയാൾക്കെതിരെ കൂടുതൽ പരാതികൾ എത്തിയത്.ഇയാൾ കൂടുതൽ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് തലയോലപ്പറമ്പ് എസ് എച്ച് ഒ പറഞ്ഞു.