കോട്ടയം: നഗരത്തെ സമ്പൂർണമാലിന്യമുക്തമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 9.42 കോടി രൂപയുടെ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി കോട്ടയം നഗരസഭ നടപ്പിലാക്കുന്നു. കമ്മ്യൂണിറ്റി തലം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ച് ഉറവിടങ്ങളിൽതന്നെ മാലിന്യം സംസ്കരിക്കുന്നതിനുമുള്ള പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗാർഹിക തലത്തിൽ ബയോബിൻ, വെർമി കമ്പോസ്റ്റ്, ബയോഡൈജസ്റ്റർ യാർഡ്, റിംഗ് കമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ് എന്നിവയും സ്ഥാപനതലത്തിൽ തുമ്പൂർമുഴി മാതൃകയിൽ എയ്റോബിക് ബിൻ, ബയോഗ്യാസ് പ്ലാന്റുകൾ എന്നിവയും സ്ഥാപിക്കും. കമ്മ്യൂണിറ്റിതല മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നിലവിൽ വിവിധ വാർഡുകളിൽ 62 ചേമ്പർ തുമ്പൂർമുഴി ബിന്നുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെ 46 സ്ഥലങ്ങളിലായി 276 ബിന്നുകൾ കൂടി സ്ഥാപിക്കും. പൊതുജനങ്ങളുടെയും വാർഡ്തല ശുചിത്വ സമിതിയുടേയും സഹായത്തോടെ ഇവ സമയബന്ധിതമായി പൂർത്തിയാക്കും. ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ താത്കാലികമായി സംഭരിക്കുന്നതിന് 10 മെറ്റീരിയിൽ കളക്ഷൻ ഫെസിലിറ്റികളുടെ നിർമ്മാണവും വേഗത്തിൽ പൂർത്തിയാക്കും. കമ്മ്യൂണിറ്റിതലത്തിലുള്ള ഉറവിട മാലിന്യസംസ്കരണത്തിന്റെ ഭാഗമായി 30 ചേമ്പർ അടങ്ങുന്ന എയറോബിക് കമ്പോസ്റ്റ് യൂണിറ്ര് കഴിഞ്ഞദിവസം പ്രവർത്തനം ആരംഭിച്ചിരുന്നു.
നഗരശുചീകരണത്തിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും നിയമം കർശനമായി പാലിക്കുന്നതിനും ഇതോടൊപ്പം നടപടി സ്വീകരിച്ചിട്ടുണ്ട്. അനധികൃത മാലിന്യനിക്ഷേപം നടത്തുന്നവരെ കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിന് രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളുടെ പ്രവർത്തനം ഇന്ന് നിലവിൽ വരും.