കോട്ടയം: അഞ്ചു കഴിഞ്ഞാൽ അഴിമതിക്കാർക്കായി ആർ.ടി ഓഫീസിന്റെ വാതിൽ മലർക്കെ തുറക്കുമെന്ന് വിജിലൻസ്. രേഖകളും പണവും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വാഹനത്തിൽ കൃത്യമായി എത്തിച്ചു നൽകുന്ന ഏജന്റുമാർ മുതൽ, ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ മറവിൽ പണം പിരിച്ച് ഉദ്യോഗസ്ഥർക്ക് നൽകുന്നവർ വരെയുണ്ട് ആർ.ടി ഓഫീസിലും പരിസരത്തും. മാസങ്ങൾക്കു മുൻപ് ചുമതലയേറ്റ ആർ.ടി.ഒ ബാബു ജോൺ, പല തവണ താക്കീത് ചെയ്‌തെങ്കിലും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും 'ജോലി' തുടരുകയാണ്. വിജിലൻസ് പരിശോധനയുടെയും നടപടികളുടെയും അടിസ്ഥാനത്തിൽ ഇന്ന് അടിയന്തര സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.
രജിസ്ട്രേഷൻ അടക്കമുള്ള ജോലികൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് അഞ്ചു മണിക്കു ശേഷവും ഓഫീസിൽ ഇരിക്കുന്നതെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, ഈ സമയത്ത് നടക്കുന്നത് ഏജന്റുമാരുടെ രേഖകൾ ശരിയാക്കുന്ന പ്രവർത്തനങ്ങളാണെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഈ സമയത്ത് ഏജന്റുമാർ മാത്രമാണ് പലപ്പോഴും ഓഫീസിൽ ഉണ്ടാവുക. വൈകുന്നേരങ്ങളിൽ അധിക നേരം ജോലി ചെയ്യുന്നത് തെറ്റല്ലെന്നും, ഇതിൽ ക്രമവിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എത് പരിശോധിക്കുമെന്നും ആർ.ടി.ഒയും പറയുന്നു.
ഒാഫീസിലെ 'ലോട്ടറി" വിൽപ്പന
ലോട്ടറി വിൽപ്പനയുടെ മറവിൽ സിവിൽ സ്റ്റേഷൻ വളപ്പിൽ കറങ്ങി നടക്കുന്ന തമിഴ്‌നാട്ടുകാരനാണ് കൈക്കൂലിയുടെ കാരിയർ എന്നാണ് ആരോപണം. ഇയാൾ ഏജന്റുമാരിൽ നിന്ന് പണം ശേഖരിച്ച് കൃത്യമായി ഓരോ ഉദ്യോഗസ്ഥനും വീതിച്ചു നൽകും. ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ മറവിൽ ഓഫീസിൽ കയറിയിറങ്ങി നടക്കുകയാണ് ഇയാൾ. ചില എം.വി.ഐമാരും എ.എം.വി.ഐമാരും വാഹനം കളക്‌ടറേറ്റ് വളപ്പിൽ പാർക്ക് ചെയ്യും. വൈകുന്നേരമാകുമ്പോൾ ഏജന്റുമാർ എത്തി വാഹനത്തിന്റെ താക്കോൽ വാങ്ങും. ഏജന്റുമാരുടെ ഫയലുകളും, ഇത് പരിശോധിക്കാൻ ആവശ്യമായ 'തുകയും' കൃത്യമായി എം.വി.ഐമാരുടെ വാഹനത്തിൽ എത്തും.
പ്രശ്‌നക്കാർ ഒന്നോ രണ്ടോ പേർ!
ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ പ്രശ്‌നക്കാർ. ഇവർക്കെതിരെ കർശന നടപടികളുണ്ടാകും. 47 ജീവനക്കാരാണ് ആർ.ടി.ഓഫീസിൽ ഉള്ളത്. ഇവരിൽ 90 ശതമാനവും പരിചയ സമ്പന്നരും മാന്യന്മാരുമാണ്. അഴിമതിക്കാരെ കണ്ടെത്തി നടപടിയെടുക്കും.
ബേബി ജോൺ, ആർ.ടി.ഒ കോട്ടയം
'ഒാഫീസിൽ" അറിയിക്കാം
അഴിമതി ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥരെ താക്കീത് ചെയ്‌തിട്ടുണ്ട്. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ എൻ.ജി.ഒ യൂണിയൻ ഓഫീസിൽ അറിയിക്കാം.
എൻ.ജി. ഒ യൂണിയൻ സിവിൽ സ്റ്റേഷൻ കമ്മിറ്റി
കോട്ടയം ആർ.ടി.ഓഫീസിൽ
47 ജീവനക്കാർ