പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണകക്ഷി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനങ്ങൾക്കിടയിൽ പഞ്ചായത്തിനെ മോശമായി ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രചരണങ്ങൾ. നടക്കാത്ത വോട്ടെടുപ്പ് നടന്നെന്ന് പറഞ്ഞ് യു.ഡി.എഫും , ബി.ജെ.പി.യും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. 2019-20 സാമ്പത്തിക വർഷത്തിൽ 20 കോടി രൂപ അടങ്കൽ വരുന്ന 397 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് പശ്ചാത്തലമേഖലാ വികസനത്തിനായി 25 ലക്ഷം രൂപയാണ് എല്ലാ വാർഡിനും അനുവദിച്ചിരിക്കുന്നത്. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം വേഗത്തിൽ നടക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നമെന്നും ഭരണസമിതിയംഗങ്ങൾ കുറ്റപ്പെടുത്തി.
വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട പ്രതിപക്ഷം ബോധപൂർവം പുകമറ സൃഷ്ടിക്കുകയാണ്. നാളിതുവരെ ജനാധിപത്യപരമായ നിലപാടുകളാണ് എടുത്തിട്ടുള്ളത്. ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്ക്കുന്ന സമീപനമാണ് പ്രതിപക്ഷകക്ഷികൾ സ്വീകരിക്കുന്നതെന്നും അംഗങ്ങൾ പറഞ്ഞു. പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ, വൈസ് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ, ഭരണസമിതിയംഗങ്ങളായ അഡ്വ.ഗിരീഷ് എസ്. നായർ, ബിന്ദു സന്തോഷ്, ജയശ്രീ, ബി. രവീന്ദ്രൻ നായർ, പി. മോഹൻ റാം, മോഹൻ കുമാർ പൂഴിക്കുന്നേൽ, പി. പ്രജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.