കോട്ടയം: കൊതുക് മുതൽ വൗവ്വാലുകൾ വരെ തലങ്ങും വിലങ്ങും പറന്നാക്രമിക്കുന്ന കേരളത്തിൽ പെട്ടെന്ന് കാണാൻ സാധിക്കാത്ത ഇത്തിരിക്കുഞ്ഞൻ 'മിന്തും' വ്യാപകമാകുന്നു.
കൊതുകുപോലുള്ള ക്ഷുദ്രജീവിയാണ് മിന്ത്. എന്നാൽ കൊതുകിന്റെ നാലിലൊന്നു പോലും ശരീരവലുപ്പം ഇല്ല. ഇതും മനുഷ്യരെ കടിച്ച് രക്തം കുടിക്കും. സൂക്ഷ്മജീവിയായതുകൊണ്ട് ഇവയുടെ സാമീപ്യം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. അസഹ്യമായ വേദനയും ചൊറിച്ചിലും ഉണ്ടാകുമ്പോഴാണ് പലരും കടിയേറ്റതായി അറിയുന്നത്. വൈകുന്നേരം വെയിലിന്റെ കാഠിന്യം കുറയുമ്പോൾ മുതൽ രാത്രിയിലുടനീളവും പുലർച്ചെയുമാണ് ഇവയുടെ ഉപദ്രവം കൂടുതൽ. കടിയേൽക്കുന്ന ഭാഗം തൊലിപ്പുറത്ത് ചുവന്ന് തടിക്കുന്നതാണ് പ്രകടമായ ലക്ഷണം. കൊതുകിനെ അപേക്ഷിച്ച് ഇവയുടെ ആക്രമണ രീതിയിലും വ്യത്യാസമുണ്ട്. മറച്ച ശരീരഭാഗങ്ങളിൽ കൊതുക് ആക്രമിക്കാറില്ല. എന്നാൽ വസ്ത്രങ്ങൾക്കിയിലൂടെ നുഴഞ്ഞുകയറി ആക്രമിക്കുന്ന രീതിയാണ് മിന്തിനുള്ളത്. കുറേ ദിവസങ്ങളായി കോട്ടയം കുമാരനല്ലൂർ പ്രദേശങ്ങളിൽ മിന്തിന്റെ ആക്രമണം രൂക്ഷമായിരിക്കയാണെന്ന് നാട്ടുകാർ പറയുന്നു. ശരീരമാസകലം ചൊറിഞ്ഞ് തടിക്കുന്നുവെന്ന പരാതിയുമായി പലരും പരസ്പരം സംസാരിച്ചപ്പോഴാണ് സംഭവം വ്യാപകമാണെന്ന് അറിയുന്നത്. ആദ്യമൊക്കെ കടിയേറ്റവർ അലർജിയാണെന്ന് തെറ്റിദ്ധരിച്ച് സ്വയം ചികിത്സകൾ നടത്തി. വില്ലൻ രക്തദാഹികളാണെങ്കിലും എല്ലാവർക്കും ഇതിന്റെ ആക്രമണം ഉണ്ടാകുന്നില്ലെന്നതാണ് പ്രത്യേകത. ഒരു വീട്ടിൽ തന്നെ ചില ആളുകൾക്ക് കടിയേൽക്കുമ്പോൾ ഇതര രക്തഗ്രൂപ്പുകളിലുള്ളവർ ആക്രമിക്കപ്പെടുന്നില്ല. കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന പുകയും ഇലക്ട്രിക് ഉപകരണങ്ങളും പ്രയോഗിച്ച് ഒരു പരിധിവരെ മിന്തിനെയും തുരത്താനാകുമെങ്കിലും കൂട്ടത്തോടെയുള്ള ആക്രമണം ഫലപ്രദമായി ചെറുക്കാനാകുന്നില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. വെള്ളക്കെട്ടുള്ള പാടശേഖരങ്ങളുടെ സമീപത്തും പുൽച്ചെടികളും കുറ്റിക്കാടും നിറഞ്ഞ പ്രദേശങ്ങളിലുമാണ് ഇവയുടെ ആക്രമണം കൂടുതൽ.
പരിഹാരം തുളസി
വീടിന് പരിസരത്ത് തുളസിച്ചെടി നട്ടുപിടിപ്പിക്കുന്നതും തുളസി ചതച്ച് വെള്ളം തളിയ്ക്കുന്നതും ഉണക്കിപുകയ്ക്കുന്നതും മിന്തിന്റെ ശല്യം കുറയ്ക്കുമെന്ന് പഴമക്കാർ.