കുറവിലങ്ങാട് : കടപ്ലാമറ്റം ജംഗ്ഷനിൽ അലക്ഷ്യമായ വാഹന പാർക്കിംഗ് കാൽനടയാത്രികരെയും വാഹനയാത്രികരെയും ബുദ്ധിമുട്ടിലാക്കുന്നു. കിടങ്ങൂർ, പാലാ, മരങ്ങാട്ടുപള്ളി, കുറവിലങ്ങാട്, കോട്ടയം തുടങ്ങിയ ഭാഗങ്ങളിലേയ്ക്കുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന ജംഗ്ഷനായ ഇവിടെ റോഡിന് താരതമ്യേന വീതിയും കുറവായതിനാൽ ഭാര വാഹനങ്ങളുടെ അലക്ഷ്യമായ സഞ്ചാരവും റോഡിന് ഇരുവശത്തെയും അനധികൃത വാഹന പാർക്കിംഗും വ്യാപകമാണ്.
അദ്ധ്യയന വർഷം ആരംഭിച്ചതോടെ ചെറിയ ക്ലാസ്സിലെ വിദ്യാർത്ഥികൾ ഉൾപ്പെടയുള്ളവർ കാൽനടയായി സഞ്ചരിക്കുന്ന റോഡാണിത്. താരതമ്യേന വീതി കുറഞ്ഞ റോഡായതിനാൽ റോഡിന് ഇരുവശങ്ങളിലെ അലക്ഷ്യമായ പാർക്കിംഗ് മൂലം ഏറെ വലയുന്നത് കാൽനടയാത്രക്കാരാണ്. റോഡിന്റെ ചിലയിടങ്ങളിൽ കാൽനടയാത്രക്കാർക്കായി നടപ്പാത ഇല്ലാത്തതും ഏറെ വലയ്ക്കുന്നുണ്ട്. ഇതിനുപുറമേ ഭാരവാഹനങ്ങളുടെ അലക്ഷ്യമായ സഞ്ചാരവും അപകടഭീഷണിയുർത്തുന്നുണ്ട്.
വിവിധ ഗവൺമെന്റ് സ്ഥാപനങ്ങൾ, ആശുപത്രി, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തുന്ന ആളുകൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഇല്ലാത്തതും വാഹനയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതോടൊപ്പം സൂചനാ ബോർഡുകൾ പലതും തകർന്നു തുടങ്ങിയതും വാഹനയാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്.